
ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി; നേട്ടം 6.53 മീറ്റര്‍ ദൂരം ചാടി
ജപ്പാന്‍: ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം. ആന്‍സിയുടെ കുടുംബവും നാട്ടുകാരും ട്വന്റിഫോറിലൂടെ സന്തോഷം പങ്കുവച്ചു. തുടര്‍ച്ചെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസിലാണ് ആന്‍സിയുടെ വെള്ളി നേട്ടം.
നേരിയ വ്യത്യാസത്തിനാണ് ആന്‍സിക്ക് സ്വര്‍ണം നഷ്ടമായത്. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ ആന്‍സി താണ്ടി. ഇത്തരത്തില്‍ മുന്നിലെത്തിയ ആന്‍സിയുടെ രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ 6.46 മീറ്റര്‍ ചാടാനായി. അഞ്ചാം ശ്രമത്തില്‍ 6.53 മീറ്ററുമാണ് ചാടിയത്. അതുവരെ സ്വര്‍ണം ഉറപ്പിച്ചിരുന്നുവെങ്കിലും ചൈനയുടെ യിങ്ഗിങ് ഹുവായ് 6.55 മീറ്റര്‍ ചാടിക്കൊണ്ട് ആന്‍സിയെ മറികടന്ന് സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.
തൃശൂര്‍ നാട്ടികയിലെ സോജന്റെ മകളാണ് 25 വയസുകാരിയായ ആന്‍സി. സംസ്ഥാന ദേശീയ സ്‌കൂള്‍ കായികമേളകളില്‍ നിരവധി സ്വര്‍ണം നേടിയ ആന്‍സി ഇന്ത്യന്‍ നേവിയില്‍ ചീഫ് പെറ്റി ഓഫിസറായി പ്രവര്‍ത്തിച്ചുവരികയാണ്. 2026 ജൂണ്‍ 27ന് ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്‌ലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ചാടി ആന്‍സി ദേശീയ റെക്കോര്‍ഡിട്ടിരുന്നു.
ഇത് അഭിമാനനേട്ടമാണെന്നും സ്‌പോര്‍ട്ടിനായി വര്‍ഷങ്ങള്‍ ഉഴിഞ്ഞുവച്ചതിന്റെ ഫലമാണിതെന്നും സോജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ സ്വര്‍ണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാലാവസ്ഥ വില്ലനായെന്നും ആന്‍സിയുടെ കുടുംബം പ്രതികരിച്ചു
