
കോഴിക്കോട്: ഹോട്ടലിൽ നിന്നും ഓർഡർ ചെയ്ത ബിരിയാണിയിൽ ചത്ത വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം ആരോഗ്യവിഭാഗം അടച്ചുപൂട്ടിച്ചു. കുന്ദമംഗലം പന്തീർപാടം മുറിയനാലിൽ പ്രവർത്തിക്കുന്ന 'പാരഡൈസ്' ഹോട്ടലിനെതിരെയാണ് നടപടി. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കൾക്കാണ് ബിരിയാണിയിൽ നിന്ന് ചത്ത വണ്ടിനെ ലഭിച്ചത്.
തുടർന്ന് ഇവർ വിവരം ഉടൻ തന്നെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ വെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവിഭവങ്ങളും പിടിച്ചെടുത്തു. ഹോട്ടലിലെ ശുചിത്വമില്ലായ്മയും ഗുരുതരമായ വീഴ്ചയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇതിന് പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമായി സ്ഥാപനത്തിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
