കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് താന്‍ സ്വീകരിച്ച നിലപാടില്‍ അല്പം പോലും മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

‘കാന്തപുരത്തിൻ്റെ പരാമർശം സംബന്ധിച്ച നിലപാടിൽ മാറ്റമില്ല ; നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരത്തിനെതിരെ പറഞ്ഞ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോഴുമുണ്ട്; എപി വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച നേരത്തെ നിശ്ചയിച്ചത്: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി


തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ  പ്രസ്താവനയുമായി ബന്ധപ്പെട്ട് താന്‍ സ്വീകരിച്ച നിലപാടില്‍ അല്പം പോലും മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. താന്‍ നിലപാട് വ്യക്തമായി പറഞ്ഞതാണെന്നും അതില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് വിളിച്ച് തെറ്റുപറ്റിയെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാണിക്കുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എ.പി. സുന്നി വിഭാഗം നേതാക്കള്‍ സെക്രട്ടറിയേറ്റിലെത്തി തന്നെ കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിയ മുഖ്യമന്ത്രി, കാന്തപുരത്തിനെതിരെ താന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഉള്‍പ്പെടെയുള്ള സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇപ്പോഴുമിതുപോലെ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

പോസ്റ്റുകളുടെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് മാറ്റി പോസ്റ്റ് ചെയ്തപ്പോള്‍ ക്രോസ് പോസ്റ്റിങ്ങിന്റെ സാങ്കേതിക ഭാഗമായി ചിലത് കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമായിരുന്നു. ഇതിനെ തന്റെ നിലപാട് മാറ്റമായി ചിലര്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ.പി വിഭാഗം നേതാക്കള്‍ തന്നെ കാണാന്‍ എത്തിയതെന്നും അതിനെ വിവാദങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

രാവിലെ പതിനൊന്ന് മണിയുടെ വാര്‍ത്താസമ്മേളനം കണ്ടിട്ടാണ് എ.പി വിഭാഗം നേതാക്കള്‍ അന്നുരാത്രി തിരുവനന്തപുരത്ത് തന്നെ കാണാനെത്തിയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മൂന്നാഴ്ച മുന്‍പ് സമയം നിശ്ചയിച്ച കൂടിക്കാഴ്ചയുടെ ഭാഗമായാണ് അവര്‍ അന്ന് രാവിലെ തന്നെ തലസ്ഥാനത്ത് എത്തിയത്. വൈകീട്ട് അവര്‍ ഓഫീസിലെത്തി മടങ്ങിയതിന് പിന്നാലെയാണ് ചര്‍ച്ചകളെ വളച്ചൊടിച്ച് തെറ്റായ വാര്‍ത്ത പ്രചരിച്ചത്.

സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ എതിര്‍ത്തു കൊണ്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങളെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി നേരത്തെ തള്ളിക്കളഞ്ഞത്. കാന്തപുരം പറഞ്ഞ നിലപാടിനെ സര്‍ക്കാരോ കോണ്‍ഗ്രസ് പാര്‍ട്ടിയോ യാതൊരു കാരണവശാലും അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കാന്തപുരം പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീടുകളില്‍ മാത്രം കഴിയേണ്ടവരല്ലെന്നും ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും മുന്‍പന്തിയില്‍ വരേണ്ടവരാണെന്നുമുള്ള പുരോഗമനപരമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ഈ നിലപാടില്‍ യാതൊരു സംശയത്തിനും സ്ഥാനമില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും പൊതുരംഗത്തെ സാന്നിധ്യത്തെയും നിഷേധിക്കുന്ന ഇത്തരം പ്രസ്താവനകള്‍ സാംസ്‌കാരിക കേരളത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാന്തപുരത്തിന്റെ പരാമര്‍ശങ്ങള്‍ ഇസ്ലാമിക ചരിത്രത്തെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വന്‍കിട വ്യവസായിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായ ആയിഷ യുദ്ധത്തില്‍ പങ്കെടുത്ത സൈന്യാധിപയായിരുന്നുവെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. ഖലീഫാ ഉമറിന്റെ സദസ്സില്‍ മഹര്‍ കുറയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തത് ഒരു സ്ത്രീയാണെന്നും സ്ത്രീ പറഞ്ഞതാണ് ശരിയെന്ന് അംഗീകരിക്കാന്‍ അന്ന് രാജസദസ്സ് തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, വിവാദ വിഷയത്തില്‍ കാന്തപുരത്തിനെതിരെ പരസ്യമായ നിലപാടെടുക്കാതെ തന്ത്രപരമായ സമീപനമാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് സ്വീകരിച്ചത്. സ്ത്രീസുരക്ഷ മുന്നില്‍ കണ്ടാണ് കാന്തപുരം ഇത്തരം പരാമര്‍ശം നടത്തിയത് എന്നായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ലീഗ് മന്ത്രിമാര്‍ വിഷയം പരാമര്‍ശിക്കാന്‍ തയ്യാറായില്ല.

അതേസമയം, മുഖ്യമന്ത്രി സതീശന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനത്തിനെതിരെ എ.പി സുന്നി വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഭരണാധികാരികള്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്ന് എ.പി സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ എഴുതിയ ലേഖനത്തില്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേര് നേരിട്ട് പറയാതെയായിരുന്നു ഈ വിമര്‍ശനം.

ഭരണാധികാരികളുടെ ഇത്തരം കടുത്ത പ്രതികരണങ്ങളാണ് കാന്തപുരത്തിന്റെ കോലം കത്തിക്കല്‍ വരെയുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കൈക്കൊണ്ട മിതമായ നിലപാടുകളെ ലേഖനത്തില്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ പൊതുപ്രവേശനം തടയുന്ന നിലപാടുകളില്‍ മാപ്പില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി വി.ഡി സതീശന്‍.