ചെങ്കൽ പണ ഉടമകൾ പെർമിറ്റെടുത്ത് ഖനനം നടത്തണം: അസോസിയേഷൻ

ചെങ്കൽ പണ ഉടമകൾ പെർമിറ്റെടുത്ത് ഖനനം നടത്തണം: അസോസിയേഷൻ

 


കണ്ണൂർ: ജില്ലയിലെ മുഴുവൻ ചെങ്കൽ പണ ഉടമകളും പെർമിറ്റെടുത്ത് ഖനനത്തിന് തയ്യാറാകണമെന്ന് ചെങ്കല്ല് പെർമിറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. നിർത്തിവെക്കേണ്ടി വന്ന ചുഴലി മേഖലയിലെ ഖനനവും, കല്യാട്, കൂത്തുപറമ്പ്, പയ്യന്നൂർ തുടങ്ങിയ മേഖലകളിൽ ഉടലെടുക്കുന്ന പ്രതിസന്ധികളും ഇതിന് ഉദാഹരണമാണ്. ചെങ്കൽ ഉൽപാദക ഉടമസ്ഥ ക്ഷേമസംഘത്തിന്റെ നിലപാടുകളാണ് ഈ പ്രശ്നങ്ങൾക്കെല്ലാം പ്രധാന കാരണം.

നിലവിൽ ജില്ലാ ജിയോളജി ഓഫീസിൽ പെർമിറ്റിനായുള്ള റോയൽറ്റി, ഡിഎംഎഫ്, ടാക്സ് എന്നിവ സ്വീകരിച്ച് പെർമിറ്റുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ജിയോളജി പെർമിറ്റ് ജില്ലയിൽ ലഭ്യമായി തുടങ്ങിയിട്ടും പെർമിറ്റ് ലഭിക്കുന്നില്ല എന്ന തരത്തിൽ തെറ്റായ വാദങ്ങളുയർത്തി അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.