ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം പുനഃപരിശോധിക്കാൻ സർക്കാർ നിർദേശം; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന ചട്ടം പുനഃപരിശോധിക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകി. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67 (1) (d) നൽകുന്ന അധികാരം ഉപയോഗിച്ചാണ് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
2021 ഓഗസ്റ്റ് 11-ലെ കളർ കോഡ് തീരുമാനം ട്രാൻസ്പോർട്ട് അതോറിറ്റി പുനഃപരിശോധിക്കണം. ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023 കണക്കിലെടുത്ത് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. റോഡ് സുരക്ഷ മുൻനിർത്തിയുള്ള 2019-ലെ ഹൈക്കോടതി വിധിയും നിർദേശങ്ങളും പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്.
കേരളത്തിൽ മാത്രം ഏകീകൃത കളർ കോഡ് നിർബന്ധമാക്കിയത് സംസ്ഥാനത്തെ ടൂറിസം ഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് നിറങ്ങളുടെമേൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ, കേരളത്തിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്നത് കുറയുന്നതായി ഉടമകൾ ചൂണ്ടിക്കാണിച്ചിരുന്നു.
നിറങ്ങളിലുള്ള നിയന്ത്രണങ്ങൾ കാരണം വാഹന ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നടത്തുന്നത് സംസ്ഥാനത്തിന്റെ മോട്ടോർ വാഹന നികുതി, പെർമിറ്റ് ഫീസ്, മറ്റ് വരുമാനങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യവും സർക്കാർ പരിഗണിച്ചു.
റോഡ് സുരക്ഷ കണക്കിലെടുത്ത് ബസുകളുടെ ബോഡിയിലും സേഫ്റ്റി ഗ്ലാസുകളിലും സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പ്രദർശിപ്പിക്കുന്നത് വിലക്കിക്കൊണ്ട് 2019 ഒക്ടോബർ 1-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് 1989-ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 264 പ്രകാരം 2021 ഓഗസ്റ്റ് 11-ന് എൽ.എം.വി. ഒഴികെയുള്ള കോൺട്രാക്ട് ക്യാരേജുകൾക്ക് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി ഏകീകൃത നിറം നിശ്ചയിച്ചത്
