വോട്ട് മോഷണം നിയമ മോഷണത്തിലേക്ക്’; ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

വോട്ട് മോഷണം നിയമ മോഷണത്തിലേക്ക്’; ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി


വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയായ (SIR) നടപടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ചെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ, ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യമാണെന്നും അങ്ങനെ സംഭവിച്ചാൽ പാർലമെന്റ് അംഗങ്ങൾ പാസാക്കുന്ന നിയമങ്ങളുടെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യം തകർന്നുപോകുന്നത് കോൺഗ്രസ് നോക്കിനിൽക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ‘രാജ്യദ്രോഹി’ എന്ന രൂക്ഷമായ പരാമർശവും അദ്ദേഹം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ടുപേരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മിഷന്റെ ചില നടപടികളിൽ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് ഉന്നയിച്ചെന്ന ഇന്ത്യൻ എക്സ്പ്രസ് അന്വേഷണ റിപ്പോർട്ടാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമായത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിലും SIR നടപടികളിലും തിരഞ്ഞെടുപ്പ് പട്ടികയുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിലുമടക്കം എതിർപ്പുകൾ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ചില നടപടികളെ ‘അനധികൃതവും നിയമവിരുദ്ധവും’ എന്നും കമ്മിഷണർമാർ വിശേഷിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

എന്നാൽ ഈ റിപ്പോർട്ടിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിയോജിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്മിഷൻ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം മുഴുവൻ കമ്മിഷന്റെയും ഏകകണ്ഠമായ തീരുമാനങ്ങളാണെന്ന് കമ്മിഷൻ വ്യക്തമാക്കി. ആഭ്യന്തര ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിർദേശങ്ങളും ഉയരുന്നത് സ്വാഭാവികമാണെന്നും, അവയെ അന്തിമ തീരുമാനങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കമ്മിഷൻ പ്രതികരിച്ചു.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദീർഘകാലം അധികാരത്തിൽ തുടരുമെന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾ കടക്കുമെന്നും നേരത്തെ പറഞ്ഞതിനെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ജനാധിപത്യ സംവിധാനത്തിൽ ‘ആന്റി-ഇൻകംബൻസി’ എന്ന അടിസ്ഥാന രാഷ്ട്രീയ ശക്തി നിലനിൽക്കുന്നതിനാൽ ഒരു രാഷ്ട്രീയ നേതാവിനും ഇത്ര ആത്മവിശ്വാസത്തോടെ ദീർഘകാല അധികാരതുടർച്ച പ്രവചിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.