
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കമ്മീഷന്റെ വിശദീകരണം. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ യോഗം ചേർന്നു. വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ മുഴുവൻ കമ്മീഷന്റെയും ഏകകണ്ഠമായ തീരുമാനപ്രകാരമാണ് കൈക്കൊണ്ടതെന്ന് കമ്മീഷൻ വ്യക്തമാക്കി.
ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ യോഗം ചേർന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളിലും ഉത്തരവുകളിലും സന്ധുവും ജോഷിയും പല ഘട്ടങ്ങളിലും എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് കമ്മീഷന്റെ വിശദീകരണം.
എസ്ഐആറുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളും ആഭ്യന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും കമ്മീഷൻ പ്രസ്താവനയിലൂടെ വിശദീകരിച്ചു. സെപ്റ്റംബർ 23ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്ത, സന്ധുവും ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചെന്ന വിവരത്തിലും കമ്മീഷൻ നിലപാട് വ്യക്തമാക്കി. കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യപരമായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6ലെ മാറ്റങ്ങൾ, ഓൺലൈൻ സംവിധാനമായ ECINETന്റെ പ്രവർത്തനം, ഐടി വിഭാഗത്തിലെ ചുമതലകളുടെ പുനർവിതരണം, പശ്ചിമ ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട അപ്പീലുകൾ, ഗോവയിലെ വോട്ടർമാരുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയ വിഷയങ്ങളിലാണ് കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച മുഴുവൻ അംഗങ്ങളും യോഗം ചേർന്ന് കമ്മീഷന്റെ നിലപാട് വിശദീകരിച്ചത്
