സമൂഹത്തിന് ആത്മാഭിമാനവും അവകാശബോധവും പകർന്നുനൽകിയ യുഗപുരുഷന്മാർ: സി.എച്ച്. മുഹമ്മദ് കോയ,വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണം

സമൂഹത്തിന് ആത്മാഭിമാനവും അവകാശബോധവും പകർന്നുനൽകിയ യുഗപുരുഷന്മാർ: സി.എച്ച്. മുഹമ്മദ് കോയ,വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണം

ഇരിട്ടി : അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, വി.കെ. അബ്ദുൽ ഖാദർ മൗലവി എന്നിവരുടെ അനുസ്മരണ യോഗം പേരാവൂർ നിയോജക മാത്രം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എം.കെ. ഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വഹിച്ച പങ്കും നൽകിയ സംഭാവനകളും കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിൽ ചരിത്രപരമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ‘ആരാന്റെ വിറക് വെട്ടികളും വെള്ളം കോരികളുമായി’ ഒതുങ്ങിപ്പോകാതെ സ്വന്തം അവകാശങ്ങളും അഭിമാനവും തിരിച്ചറിഞ്ഞ് മുന്നേറാൻ മുസ്ലിം സമൂഹത്തിന് ആത്മവിശ്വാസം പകർന്ന നേതാവായിരുന്നു സി.എച്ച്. എന്നും, വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക മുന്നേറ്റത്തിലൂടെയും സമൂഹത്തെ ഉയർച്ചയിലേക്ക് നയിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ കാലാതിവർത്തിയാണെന്നും അബ്ദുറഹ്മാൻ കല്ലായി കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച വൈദ്യുതി-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, അധികാരം സമൂഹത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും ജനസൗഹാർദ്ദത്തിനുമായി വിനിയോഗിച്ച സമുന്നത നേതാവായിരുന്നു സി.എച്ച്. എന്ന് പറഞ്ഞു. ജനങ്ങളെ ഒരുമിച്ച് നിർത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഭരണനേതൃത്വവും മഹത്തായ സംഭാവനകളും എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, നസീർ നെല്ലൂർ, ഒമ്പാൻ ഹംസ, കെ.വി. റഷീദ്, പൊയിലൻ ഇബ്രാഹിം ഹാജി, പി.വി. ഇബ്രാഹിം, അരിപ്പയിൽ മുഹമ്മദ് ഹാജി, എം.കെ. മുഹമ്മദ്,സി. അബ്ദുള്ള, എം.പി. അബ്ദുറഹ്മാൻ,റിയാസ് ഹുദവി, യു.പി. മുഹമ്മദ്, ഖാദർ ഉളിയിൽ, എൻ. മുഹമ്മദ്,ഇ.കെ. അബ്ദുറഹ്മാൻ, എം. ഗഫൂർ മാസ്റ്റർ, വി.പി. അബ്ദുൽ റഷീദ്, തറാൽ ഈസ, എന്നിവർ സംസാരിച്ചു.