ഇടുക്കി: ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മേലെവയൽ കൊട്ടക്കാമ്പൂർ അമ്മൻ കോവിലിന് സമീപം ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന തട്ടുതട്ടായുള്ള കൃഷിയിടത്തിലെ ഷെഡിൽ കയറി ഇരിക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നുപേരും ഇരുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ നാട്ടുകാർ ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങളും പരിക്കേറ്റയാളെയും പുറത്തെത്തിച്ചത്.
Advertising
Advertising
കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് അതിശക്തമായ മഴയാണ്. കനത്ത മഴയ്ക്ക് പിന്നാലെ കൊട്ടക്കാമ്പൂർ - തട്ടാമ്പാറ റോഡിലെ പാലം ഒലിച്ചുപോയി. പാലം പൂർണമായി തകർന്നതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. മേഖല സന്ദർശിക്കാനെത്തിയ നൂറോളം വിനോദസഞ്ചാരികളും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.
മേഖലയിൽ താത്കാലികമായി മഴ ശമിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയും ഭരണകൂടവും പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിന് പൂർണനിരോധനം ഏർപ്പെടുത്തി. ജല വിനോദങ്ങൾക്കും സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും കർശനവിലക്കുണ്ട്.