വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായ റിമാൻഡിൽ

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായ റിമാൻഡിൽ 


കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായയെ (Parvathy Maya) റിമാൻഡ് ചെയ്തു. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും.

2023 മുതൽ വിദേശ ജോലി സ്വപ്നം കാണുന്നവരെയും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും കുടിയേറാൻ താൽപര്യമുള്ളവരെയും ലക്ഷ്യമിട്ടാണ് പാർവതിയും സംഘവും തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽനിന്ന് പണം തട്ടിയെന്നാണ് കണ്ടെത്തൽ.

തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പൊലീസ് പറയുന്നത്. ദുബായിൽ ക്രിപ്റ്റോകറൻസി ഇടപാടുകളിലൂടെയും പാർവതി സാമ്പത്തിക നേട്ടമുണ്ടാക്കിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പാർവതി അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് ലഭിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത പാർവതിയെ വെള്ളിയാഴ്ച രാത്രി എറണാകുളം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ 11 മണിവരെ ഇടക്കാല ജാമ്യം അനുവദിച്ചു. 11 മണിക്ക് വീണ്ടും കോടതിയിൽ ഹാജരാക്കിയതോടെയാണ് ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് റിമാൻഡ് ചെയ്തത്.