ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; പുതിയ നിയമങ്ങൾ ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന് പ്രഖ്യാപനം, വ്യോമയാന ഉപരോധത്തിലും പ്രതിസന്ധി രൂക്ഷം

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; പുതിയ നിയമങ്ങൾ ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന് പ്രഖ്യാപനം, വ്യോമയാന ഉപരോധത്തിലും പ്രതിസന്ധി രൂക്ഷം


ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവിയും അവിടെയുള്ള യാത്രാ നിയമങ്ങളും ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി ഇറാൻ. യുഎൻ ജനറൽ അസംബ്ലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്.

ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഇറാനും ഒമാനും ചേർന്ന് നിശ്ചയിക്കുന്ന പുതിയ നിയമങ്ങൾ പാലിക്കേണ്ടിവരുമെന്ന് ഇറാൻ അംബാസഡർ കാസിം ജലാലി പറഞ്ഞു. ന്യൂയോർക്കിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. ഇറാനെതിരെ ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസിയും വ്യക്തമാക്കി. ആക്രമണങ്ങളിലൂടെ തിരിച്ചടിക്കാൻ തയാറാണെന്നും ഐആർജിസി അറിയിച്ചു.

അതിനിടെ അമേരിക്ക ഏർപ്പെടുത്തിയ വ്യോമയാന ഉപരോധം ഇറാന്റെ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി. യൂറോപ്യൻ യൂണിയൻ, യുകെ, ഇറാഖ്, ഒമാൻ, തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ആറ് മാസത്തെ യുദ്ധത്തെ തുടർന്ന് ഇറാന്റെ സമ്പദ്‌വ്യവസ്ഥയും കടുത്ത സമ്മർദത്തിലാണ്.

ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ചയും പണപ്പെരുപ്പവും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലയിലും വലിയ വർധനയുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ധനകാര്യ മേധാവി മുഹമ്മദ് അബു അൽവാൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. അതേസമയം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 1.09 ഡോളർ കുറഞ്ഞ് 98.16 ഡോളറായി.