ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം, ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പാർട്ടികളെയും സഹകരിപ്പിക്കാൻ നീക്കം; ബേബിയും മമതയും സംസാരിച്ചു
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഉള്ള പ്രതിഷേധത്തിൽ ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പാർട്ടികളെയും സഹകരിപ്പിക്കാൻ ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ ബുധാഴ്ച്ച ഇന്ത്യ സഖ്യം യോഗം ചേരും. വിഷയം യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനേയും കേന്ദ്രസർക്കാരിനെയും ഒരേ പോലെ പ്രതിരോധത്തിൽ ആക്കിയ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് സംയുക്ത പ്ലാറ്റ്ഫോം വേണമെന്നാണ് കോൺഗ്രസ് ഇതര ഇന്ത്യ സഖ്യ പാർട്ടികളുടെ നിലപാട്. സമരം കൂടുതൽ ശക്തമാക്കാൻ യോജിച്ച സമര രീതി ആലോചിക്കണമെന്ന് തൃണമൂൽ കോൺഗ്രസും സി പി എമ്മും അഭിപ്രായപ്പെടുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പാർട്ടികളെ കൂടി ക്ഷണിച്ച് യോഗം നടത്തണമെന്ന ആവശ്യം ഉയരുന്നത്. ഇന്ത്യ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളെ കൂടി ചേർത്ത് യോഗം വിളിക്കാനാണ് സി പി എം നീക്കം. മമതാ ബാനർജിയുമായി എം എ ബേബി സംസാരിച്ചു. എ എ പി, ബി ആർ എസ്, സി ജെ പി തുടങ്ങിയവയ്ക്കും ബേബി കത്തയച്ചു. ബുധനാഴ്ച്ച ചേരുന്ന ഇന്ത്യ സഖ്യയോഗത്തിൽ ഈക്കാര്യം ചർച്ചയാകും</p><h2><strong>ജനരോഷം വിഘടിച്ച് പോകരുത്</strong></h2><p>നിലവിൽ ഉയരുന്ന ജനരോഷം വിഘടിച്ച് പോകരുതെന്നാണ് ഭൂരിപക്ഷ പാർട്ടികളുടെയും അഭിപ്രായം. ഇടതു പാർട്ടികൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമായി. സി ജെ പി കൂടി സമര രംഗത്ത് എത്തിയതോടെ ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഗ്യാനേഷ് കുമാറിന്‍റെ രാജിക്ക് നല്കിയ സമയപരിധി അവസാനിച്ചതോടെ സമരത്തിനായുള്ള ക്യാംപയിൻ സി ജെ പി സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാക്കി. ജന്തർമന്തർ സമരവേദി ആകാതിരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ജന്തർമന്തർ അടക്കം പൂട്ടി ദില്ലി പോലീസ് പ്രതിഷേധം തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ ഇന്നലെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട 105 പേരെ കസ്റ്റഡിയിലെടുത്തതായി ദില്ലി പോലീസ് അറിയിച്ചു. ഒരു പ്രതിഷേധത്തിനും വരുംദിവസങ്ങളിൽ അനുമതി നൽകേണ്ട എന്നാണ് പോലീസ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് കടക്കം സുരക്ഷാ വിന്യാസം പോലീസ് കൂട്ടിയിട്ടുമുണ്ട്.