തിരുവനന്തപുരം മലയിൻകീഴിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവം: വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കാരണമെന്ന് പ്രതിയുടെ മൊഴി, കൊല വിവാഹവാർഷിക ദിനത്തിൽ

മലയിൻകീഴിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവം: വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കാരണമെന്ന് പ്രതിയുടെ മൊഴി, കൊല വിവാഹവാർഷിക ദിനത്തിൽ 

തിരുവനന്തപുരം: മലയിൻകീഴിൽ ഒരു വയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് മൊഴി. കേസിലെ പ്രതിയായ ക്രിസ്റ്റിയാണ് പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഭർത്താവുമായുള്ള പ്രശ്നങ്ങളും സ്വന്തം വീട്ടിൽ പോകുന്നത് ഭർത്താവ് വിലക്കിയതുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും, ഇതിനായി ഉറക്കഗുളികകൾ കഴിച്ചതായും ക്രിസ്റ്റി പൊലീസിനോട് വെളിപ്പെടുത്തി.

നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്രിസ്റ്റിയുടെ മൊഴികൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിളവൂർക്കൽ പൊറ്റയിൽ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ വിവാഹവാർഷിക ദിനത്തിലായിരുന്നു ദാരുണമായ സംഭവം. ഇവരുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല