
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനും ചെങ്കടൽ തീരത്തുള്ള പ്രധാന എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്കും നേരെ അതിശക്തമായ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി യമനിലെ ഹൂതി വിമതർ. ശനിയാഴ്ച പുലർച്ചെ റിയാദിലേക്ക് വന്ന ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തകർത്തതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതിനിടെ, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകളിൽ നിന്ന് വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയും വിമാന സർവീസുകൾ താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു.(Houthis Attack Saudi Capital Riyadh Aramco Energy Sites Disrupt Flights)
ഹൂതികളുടെ അക്രമണം കടുപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് സൗദി തലസ്ഥാനത്ത് എയർ റെയ്ഡ് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുന്നത്. റിയാദിന് പുറമെ ബിഷ്, താഇഫ്, ഫറസാൻ, യാംബു എന്നീ നഗരങ്ങൾ ലക്ഷ്യമിട്ടെത്തിയ ശത്രുതാപരമായ നീക്കങ്ങളെയും പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. സനാ ഉൾപ്പെടെയുള്ള യമൻ നഗരങ്ങളിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ ആക്രമണമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി.
സംഘർഷം രൂക്ഷമായതോടെ മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും യാത്രകൾ പുനഃപരിശോധിക്കാനും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ യമനിലെ നിലവിലെ ആഭ്യന്തര പോരാട്ടത്തിൽ 48 ഓളം പേർ കൊല്ലപ്പെട്ടതായും ഒരു ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായതായും റിപ്പോർട്ടുകളുണ്ട്. ചെങ്കടൽ വഴിയുള്ള ഇന്ധന ഗതാഗത പാതകളിൽ തടസ്സം നേരിടുന്നത് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
