ബംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ ആലക്കോട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരു: കർണാടകയിലെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലക്കോട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ സംസ്കാരം നടത്തി. ആലക്കോട് കൊട്ടയാട് കവലക്ക് സമീപം കുഴികണ്ടത്തിൽ പുത്തൻപുരയിൽ സജിയുടെ മകൻ എം.എസ്. ജോയൽ (18) ആണ് മരിച്ചത്. ബംഗളൂരു സെന്റ് തോമസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ബംഗളൂരു റൂറൽ ദേവനഹള്ളി ജി.ടി.ടി.സി കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു ജോയൽ. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ ജോയലിനെ സഹപാഠികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവദിവസം രാവിലെയും ജോയൽ പതിവുപോലെ ക്ലാസിൽ പോയിരുന്നുവെന്നും, അതിനുശേഷമാണ് മുറിയിലേക്ക് തിരിച്ചെത്തിയതെന്നും വിവരമുണ്ട്.
മൃതദേഹം ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തിൽ പൂർണ്ണ വ്യക്തത വരൂ എന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് ആലക്കോടുള്ള സജിയുടെ ബന്ധുക്കളും ബംഗളൂരുവിൽ എത്തിയിരുന്നു.

