കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമോഷന്‍, പ്രീമിയം ഗ്രൂപ്പുകള്‍ വഴിയുള്ള വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രീമിയം ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ കൂടുതല്‍ 'എക്‌സ്‌ക്ലൂസീവാ'യ ചിത്രങ്ങളും ദൃശ്യങ്ങളും; സ്ത്രീകള്‍ അറിയാതെ പകര്‍ത്തിയ 'ഒളിഞ്ഞുനോട്ട' ദൃശ്യങ്ങളും; 250 രൂപ പ്രവേശന ഫീസുമായി 'മല്ലു പ്രീമിയം ഗ്രൂപ്പ്'; അഞ്ചുപേരുടെ ഗ്രൂപ്പില്‍ നിന്ന് ചിത്രങ്ങള്‍ ചോര്‍ത്തി 'പെയ്ഡ്' ഗ്രൂപ്പുകളിലേക്ക്; തൃക്കാക്കര മോര്‍ഫിങ് കേസില്‍ സാമ്പത്തിക നേട്ടത്തിന്റെ തെളിവുകള്‍ പുറത്ത്

കൊച്ചി: കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമോഷന്‍, പ്രീമിയം ഗ്രൂപ്പുകള്‍ വഴിയുള്ള വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ തൃക്കാക്കര ഭാരതമാതാ കോളേജിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയുമായ എസ്. ശ്രീഹരി (19), ആലപ്പുഴ സ്വദേശിയും മാവേലിക്കര ഐഎച്ച്ആര്‍ഡി കോളേജിലെ ബികോം വിദ്യാര്‍ഥിയുമായ സനീഷ് (20) എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഓണ്‍ലൈന്‍ മാഫിയ ശൃംഖല വെളിച്ചത്തായത്. അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാനുള്ള സംഘത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ ശ്രീഹരി നിര്‍മിക്കുന്ന മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനായി രണ്ടാം പ്രതിയായ സനീഷ് 1500 പേരുള്ള വമ്പന്‍ ടെലഗ്രാം ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ ഗ്രൂപ്പിനെ ഒരു 'പ്രമോഷന്‍ ഗ്രൂപ്പ്' ആയി ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും, തുടര്‍ന്ന് തങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ 'പ്രീമിയം ഗ്രൂപ്പിലേക്ക്' അംഗങ്ങളാക്കുകയുമായിരുന്നു ഇവരുടെ പ്രധാന പ്രവര്‍ത്തനരീതി. പ്രീമിയം ഗ്രൂപ്പില്‍ ചേരുന്നവര്‍ക്ക് കൂടുതല്‍ 'എക്‌സ്‌ക്ലൂസീവ്' ആയ ചിത്രങ്ങളും ദൃശ്യങ്ങളും നല്‍കുമെന്നായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്.

ഇത്തരത്തില്‍ പണം തട്ടുന്നതിനായി 'മല്ലു പ്രീമിയം ഗ്രൂപ്പ്' എന്ന പേരില്‍ ഇവര്‍ പ്രത്യേകമായി നിര്‍മിച്ച പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. ഈ പ്രീമിയം ഗ്രൂപ്പില്‍ പ്രവേശിക്കുന്നതിനായി ആളുകളില്‍ നിന്ന് ഒറ്റത്തവണ ഫീസായി 250 രൂപ വീതമാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഇതിനായി സനീഷ് സ്വന്തം ക്യുആര്‍ കോഡ് (QR Code) അയച്ചുകൊടുത്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇതുവരെ 12 പേര്‍ പണം നല്‍കി ഈ പെയ്ഡ് പ്രീമിയം ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പണം നല്‍കി ദൃശ്യങ്ങള്‍ കൈപ്പറ്റിയ മലപ്പുറം സ്വദേശിയായ ഒരു യുവാവ് ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഈ അംഗങ്ങള്‍ ഈ ചിത്രങ്ങള്‍ സാമ്പത്തികലാഭം ലക്ഷ്യമാക്കി മറ്റ് ഗ്രൂപ്പുകളിലേക്ക് വല്‍ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

ഭാരതമാതാ കോളേജിലെ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാമില്‍ പങ്കുവെച്ചതിനാണ് ശ്രീഹരിയെ പോലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ കോളേജ് അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പോലീസ് ശ്രീഹരിയെ പിടികൂടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ശ്രീഹരിയെ കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ശ്രീഹരിയെ ചോദ്യം ചെയ്‌തെങ്കിലും സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഇയാള്‍ ചിത്രങ്ങള്‍ വിറ്റതായി ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, തുടര്‍ന്നു നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കേസില്‍ സനീഷിന്റെ പങ്ക് വെളിച്ചത്തുവരുന്നത്. സനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഈ കേസിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ വന്‍ സാമ്പത്തിക തട്ടിപ്പ് ശൃംഖലയും വെളിപ്പെട്ടത്.

ശ്രീഹരിയും സനീഷും തമ്മില്‍ നേരിട്ട് യാതൊരു പരിചയവും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ശ്രീഹരി തുടക്കത്തില്‍ നിര്‍മിച്ച ചിത്രങ്ങള്‍ അഞ്ചംഗങ്ങളുള്ള ഒരു ടെലഗ്രാം ഗ്രൂപ്പിലാണ് പങ്കുവെച്ചിരുന്നത്. എന്നാല്‍, ഈ ഗ്രൂപ്പില്‍ നിന്ന് ചിത്രങ്ങള്‍ കൈക്കലാക്കിയ സനീഷ്, ടെലഗ്രാമിന്റെ രഹസ്യസ്വഭാവവും സുരക്ഷാ ഫീച്ചറുകളും കാരണം പോലീസ് പിടിയിലാകില്ലെന്ന വിശ്വാസത്തില്‍ ഇവ മറ്റ് മാസ് ഗ്രൂപ്പുകളിലേക്കും പെയ്ഡ് ഗ്രൂപ്പുകളിലേക്കും പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മാത്രമല്ല, സ്ത്രീകളുടെ അനുമതിയില്ലാതെ അനുചിതമായ ദൃശ്യകോണുകളില്‍ നിന്ന് പകര്‍ത്തിയ യഥാര്‍ത്ഥ 'ഒളിഞ്ഞുനോട്ട' ചിത്രങ്ങളും വീഡിയോകളും സനീഷ് ഇത്തരം ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പണം നല്‍കിയാല്‍ അവ ലഭ്യമാക്കാമെന്നും അറിയിച്ചായിരുന്നു ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. നിലവിലെ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നും ഭാരതമാതാ കോളേജിലെ രണ്ട് അധ്യാപികമാരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതികള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ നിലവില്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഡിലീറ്റ് ചെയ്ത ഫയലുകളും സോഷ്യല്‍ മീഡിയ ബന്ധങ്ങളും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗ്രൂപ്പിലെ ഡിജിറ്റല്‍ അവശിഷ്ടങ്ങള്‍ (Digital Traces) വഴി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കേസിലെ ഒന്നാം പ്രതിയായ ശ്രീഹരിയെ കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ശ്രീഹരിയെ ഇയാള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലും മറ്റു സ്ഥലങ്ങളിലുമെത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തും. ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനാ ഫലം വരുന്നതോടെ ചിത്രങ്ങളുടെ യഥാര്‍ത്ഥ ഉറവിടവും പ്രചാരണ ശൃംഖലയും പൂര്‍ണമായി തെളിയും.

പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തുടക്കത്തിലെ അഞ്ചംഗ ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങളുടെ പങ്കും, പെയ്ഡ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുമായി പ്രതികള്‍ക്കുള്ള ബന്ധവും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം കൂടുതല്‍ പുരോഗമിക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.