പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു



തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (നടരാജ കൃഷ്ണമൂര്‍ത്തി, 78) അന്തരിച്ചു. ഒട്ടേറെ രംഗാവതരണങ്ങളുടെ ശില്പിയാണ്. കരള്‍ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഐ.എസ്.ആര്‍.ഒയില്‍ സീനിയര്‍ സയന്റിസ്റ്റായിരുന്ന കൃഷ്ണമൂര്‍ത്തി വിരമിച്ച ശേഷം ‘സൂര്യ’ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയുടേതടക്കമുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തിനായി മാറ്റിവച്ചു. അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ‘മേല്‍വിലാസം’ എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിക്കപ്പെടുകയും പിന്നീട് ചലച്ചിത്രമാവുകയും ചെയ്തു. മികച്ച നാടകകൃത്തിനുമുള്ള കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: രാജിമകള്‍, മകള്‍ സീത, മരുമകന്‍: ബിഹാര്‍ സ്വദേശിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ചന്ദന്‍ കുമാര്‍.
1951 ഏപ്രില്‍ 11-ന് കോട്ടയത്തായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ ജനനം. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്.

മുന്‍ ചീഫ് എഞ്ചിനീയര്‍ ടി. നടരാജ പിള്ളയും ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകയായിരുന്ന സി. സരസ്വതി അമ്മയുമാണ് മാതാപിതാക്കള്‍.