
കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിലവിലുള്ള വനനിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വേണമെന്ന ആവശ്യവുമായി മന്ത്രി കെ. മുരളീധരൻ. മനുഷ്യർക്ക് പല പ്രദേശങ്ങളും ഒഴിഞ്ഞുനൽകേണ്ട സാഹചര്യം ഉണ്ടായാൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് കടുവയും കൽപ്പറ്റ നഗരസഭയുടെ ചെയർമാൻ സ്ഥാനത്ത് ആനയും ഇരിക്കേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. (K Muraleedharan human wildlife conflict)
മുൻകാലങ്ങളിൽ മനുഷ്യർ വനത്തിലേക്ക് കടന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയും ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പല കർശന നിയമങ്ങളും രൂപീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിവന്ന് മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യമാണ്. അതിനാൽ നിലവിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് നിയമങ്ങൾ പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികളുടെ സമീപനവും പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്ക് അനുകൂലമായ സമീപനങ്ങൾ പലപ്പോഴും ഉണ്ടാകുന്നുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ മനുഷ്യരുടെ സുരക്ഷയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിൽ അധ്വാനിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് സ്വന്തം ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകേണ്ട സാഹചര്യം അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മാനന്തവാടി ഉൾപ്പെടെയുള്ള വയനാട്ടിലെ വിവിധ മേഖലകളിലും കുറ്റ്യാടിക്ക് സമീപമുള്ള പ്രദേശങ്ങളിലും കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ പഴയ നിയമങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1972ലെ വനനിയമങ്ങൾ അന്നത്തെ സാഹചര്യത്തിൽ പ്രസക്തമായിരുന്നെങ്കിലും കാലം മാറിയ സാഹചര്യത്തിൽ അവയിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നാണ് മന്ത്രിയുടെ നിലപാട്. വനനിയമങ്ങളിലെ വ്യവസ്ഥകൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകരെയും കുടിയേറ്റ ജനതയെയും സംരക്ഷിക്കുകയാണ് സർക്കാരിന്റെ നയമെന്നും കെ. മുരളീധരൻ പറഞ്ഞു.
