കോഴിക്കോട് ചേവായൂരിൽ കാറിനുള്ളിൽ തീപിടിച്ച് റിയൽ എസ്റ്റേറ്റ് വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു.

കാർ പതുക്കെ ഇറക്കത്തിലേക്ക്; നിമിഷങ്ങൾക്കകം തീപിടിത്തം, 20 മീറ്റർ അകലെ പെട്രോൾ കന്നാസ്; സുധാകരന്റെ മരണത്തിൽ ദുരൂഹത 


കോഴിക്കോട്: ചേവായൂരിൽ കാറിനുള്ളിൽ തീപിടിച്ച് റിയൽ എസ്റ്റേറ്റ് വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ചേവായൂർ മഠത്തിൽമുക്കിൽ നടന്ന സംഭവത്തിൽ മരിച്ച ചേവായൂർ സ്വദേശി സുധാകരന് 65 വയസായിരുന്നു (Kozhikode Chevayur car fire). കത്തിയ ജീപ്പ് കോംപസിൽ നിന്ന് ഏകദേശം 20 മീറ്റർ അകലെ പെട്രോളിന്റെ അംശമുള്ള കന്നാസ് കണ്ടെത്തിയതും സിസിടിവി ദൃശ്യങ്ങളും സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്നാണ് തീപിടിച്ചതെന്ന പ്രാഥമിക നിഗമനത്തിന് വിരുദ്ധമായ വിവരങ്ങളാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വളരെ പതുക്കെ കാർ ഇറക്കത്തിലൂടെ നീങ്ങുന്നതും തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ തീപിടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

സംഭവസ്ഥലത്തുനിന്ന് ഏകദേശം 20 മീറ്റർ അകലെ കണ്ടെത്തിയ കന്നാസിൽ പെട്രോളിന്റെ അംശമുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഫോറൻസിക് സംഘം കന്നാസ് പരിശോധിക്കുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കാറിന് തീപിടിച്ചപ്പോൾ സുധാകരൻ വാഹനത്തിനുള്ളിൽ കുടുങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. സംഭവം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം ആവശ്യമാണ്. സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് പരിശോധനാ ഫലം, മറ്റ് സാഹചര്യ തെളിവുകൾ എന്നിവ പരിശോധിച്ചുവരികയാണ്.

സുധാകരന്റെ വീടിന് ഏകദേശം 250 മീറ്റർ അകലെയാണ് സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന സുധാകരന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു