തുടർച്ചയായി ആറുമണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻ കോൺസൻട്രേറ്റർ ഉപയോഗിച്ച് ശ്വാസോച്ഛ്വാസം നടത്തിയിരുന്ന വയോധിക ശ്വാസതടസം മൂലം മരിച്ചതായി പരാതി. അതിഞ്ഞാൽ കെ കെ പുരയിലെ മറിയം (75) ആണ് മരിച്ചത്. ഇവരുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടേമുക്കാൽ വരെ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയിരുന്നു. ഏറെനേരം ഇൻവെർട്ടർ ഉപയോഗിച്ച് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. അതും നിലച്ചതോടെയാണ് മറിയം അവശനിലയിലായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ചിത്താരി വൈദ്യുതി സെക്ഷൻ ഓഫിസിലേക്ക് പലതവണ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
അറ്റകുറ്റപ്പണികളുടെ പേരിലാണ് ലൈൻ ഓഫ് ചെയ്തതെന്ന് കെഎസ്ഇബി പറയുന്നു. സ്ഥലത്തെ പൊതുപ്രവർത്തകരുൾപ്പെടെ പലതവണ വിളിച്ചപ്പോഴും ഉടൻ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വൈദ്യുതി വരാൻ ഏറെ വൈകിയതാണ് മറിയത്തിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് കുടുംബം പറഞ്ഞു. വയോധികയുടെ മരണത്തെത്തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളുൾപ്പെടെ വൈദ്യുതി സെക്ഷൻ ഓഫിസിലെത്തി പ്രതിഷേധിച്ചു. ഭർത്താവ്: ബീരാൻകാടത്ത് ഖാദർ. മക്കൾ: ഷെരീഫ, സുബൈദ, സാജിത. മരുമക്കൾ: കുഞ്ഞാമദ് (തെക്കേപ്പുറം), അമീർ (ചെറുവത്തൂർ), മൊയ്തു (ബേക്കൽ).

