വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ ബസ് സ്റ്റാന്റുകളിൽ പൊലീസിനെ നിയോഗിക്കും

വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ ബസ് സ്റ്റാന്റുകളിൽ പൊലീസിനെ നിയോഗിക്കും
ജില്ലയിലെ വിദ്യാർഥികളുടെ യാത്ര സുഗമമാക്കാനായി ബസ് സ്റ്റാന്റുകളിൽ രാവിലെയും വൈകീട്ടും പൊലീസിനെ നിയോഗിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ആദ്യം എത്തുന്ന കുട്ടികളെ ആദ്യം പുറപ്പെടുന്ന ബസുകളിൽ കയറ്റി വിടുന്ന വിധം ക്രമീകരിക്കും. കുട്ടികളെ ബസ് സ്റ്റാന്റുകളിൽ വരി നിർത്തുന്ന രീതിയുണ്ടാവില്ല. ഒരേ ബസിൽ എല്ലാവരും കയറുന്ന സ്ഥിതി ഒഴിവാക്കും. നിലവിലെ സൗഹാർദ അന്തരീക്ഷം തുടരണമെന്ന് യോഗം നിർദേശം നൽകി. മിന്നൽ പണിമുടക്ക് ഉണ്ടാവില്ല. ബസുടമ-തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാത്ത പണിമുടക്കുകളെ നിയമപരമായി നേരിടും. ബസ് തൊഴിലാളികളുടെ ലൈസൻസ്, പെരുമാറ്റം എന്നിവ സംബന്ധിച്ച് ബസുടമകൾ പരിശോധന നടത്തണം. യോഗ്യരായവരെ മാത്രമെ ജോലിക്ക് നിയോഗിക്കാവൂ. ബസ് സ്റ്റാന്റുകളിൽ വിദ്യാർഥി ബസ് തൊഴിലാളി സംഘടനാ നേതാക്കൾ തമ്മിൽ ആശയ വിനിമയമുണ്ടാക്കും. ബസ് പാസ് ദുരുപയോഗം അനുവദിക്കില്ല. സ്‌കൂൾ അസംബ്ലിയിൽ ബസ് യാത്ര ബോധവത്കരണം നടത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. പെർമിറ്റെടുത്തിട്ടും ഓടാതിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളെ പറ്റി ആർ ടി ഒ തലത്തിൽ പരിശോധന നടത്താനും യോഗം തീരുമാനിച്ചു