ചുമയ്ക്കും കഫക്കെട്ടിനും ചികിത്സയായി ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു;ഗുജറാത്തിൽ ​പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

ചുമയ്ക്കും കഫക്കെട്ടിനും ചികിത്സയായി ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു;ഗുജറാത്തിൽ ​പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍


  • ഗുജറാത്ത്: ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേറ്റ നിലയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമയ്ക്ക് മരുന്നെന്ന് പറഞ്ഞ് ഒരു നാട്ടുവൈദ്യനാണ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ​ഗുജറാത്തിലെ പോർബന്ദറിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിലാണ് കള്ളവൈദ്യനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.

​ഗുരുതരമായി പൊള്ളലേറ്റ പെൺകുഞ്ഞ് ഇപ്പോഴും ഐസിയുവിലാണ്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയായി കുഞ്ഞിന് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. വീട്ടിൽ വച്ച് തന്നെ ചില നാട്ടുമരുന്നുകളൊക്കെ നൽകിയെങ്കിലും അസുഖം കുറഞ്ഞില്ല. തുടർന്നാണ് അമ്മ കുഞ്ഞിനെ ദേവരാജ്ഭട്ടായി എന്ന വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്.

Also read- ന്യുമോണിയ മാറാൻ മന്ത്രവാദം; മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഇരുമ്പ് ദണ്ഡു കൊണ്ട് കുത്തിയത് 51 തവണ

കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞാണ് ഇയാൾ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്റെ വയറിലും നെഞ്ചത്തും വച്ചത്.  കുഞ്ഞിന്റെ നില വഷളായതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്.  കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയനുസരിച്ച് അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ശ്വാസതടസ്സമടക്കമുള്ള പ്രശ്നങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ ജയ് ബദിയാനി പറഞ്ഞു. സമാന രീതിയിൽ ഇരുമ്പ് ദണ്ഡ് വച്ച് പൊള്ളിച്ചതിനെത്തുടർന്ന് രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞ് ഒരുമാസം മുമ്പ് മധ്യപ്രദേശിൽ മരിച്ചിരുന്നു. അമ്പതിലധികം തവണയാണ് ഒരു മന്ത്രവാദി ആ കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് വച്ച് ചൂട് നൽകി പൊള്ളിച്ചത്