2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാംപ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ച് പരാതിക്കാരന് ഗുരുതരമായി പരിക്കേറ്റു. ഏഴുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ആറുമാസം വിശ്രമിക്കണമെന്നും പറഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹർജിക്കാരൻ നാലുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് 2.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. നഷ്ടപരിഹാരത്തുകയും 12,000 രൂപ മാസവരുമാനമുള്ള ഹർജിക്കാരന്റെ വരുമാനം 7000 രൂപയായി നിശ്‌ചയിച്ചതും കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
അപകടത്തിനിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ചിരുന്നതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചു. ഇത് വാഹന ഉടമയോ ഡ്രൈവറോ ചോദ്യംചെയ്‌തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, പോളിസിയനുസരിച്ചുള്ള ബാധ്യത നിയമപരമായ സ്വഭാവമുള്ളതാണെന്നും നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് കമ്പനി ഒഴിവാക്കപ്പെടില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ, ഇരയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനി ബാധ്യസ്ഥമാണെന്നും ഇത് ഡ്രൈവറിൽനിന്നും ഉടമയിൽനിന്നും ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. അതിനാൽ, ട്രിബ്യൂണൽ അനുവദിച്ച തുകയ്‌ക്കുപുറമെ 39,000 രൂപ വർഷം ഏഴുശതമാനം പലിശനിരക്കിൽ ഹർജിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ രണ്ടുമാസത്തിനകം നിക്ഷേപിക്കാൻ കോടതി നിർദേശിച്ചു.