തൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയോട് പാസ്റ്ററുടെ കൊടും ക്രൂരത; 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

തൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയോട് പാസ്റ്ററുടെ കൊടും ക്രൂരത; 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി


ഹരിപ്പാട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച പാസ്റ്ററെ 20 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. കറ്റാനം വാലു തുണ്ടിൽ വീട്ടിൽ ഭരണിക്കാവ് തെക്കേമങ്കുഴി പനങ്ങാട്ട് കോട്ടയിൽ ഇടിക്കുള തമ്പിക്ക്( 67) ആണ് ഹരിപ്പാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ് സജി കുമാർ 20 വർഷം കഠിന തടവും 140, 000 രൂപ പിഴയും വിധിച്ചത്. തൊട്ടടുത്ത വീട്ടിലെ ഏഴ് വയസുകാരിയെ വീട്ടിൽ വിളിച്ചു കയറ്റി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

കായംകുളം എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി. അതേസമയം, ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരന് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നു. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്.

ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ക്രിസോസ്റ്റം ബഞ്ചമിന്റെ ഭാര്യയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2017 നവംബർ 21 നായിരുന്നു സംഭവം. വിദേശത്ത് നിന്നെത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. കുട്ടിയുടെ അച്ഛനമ്മമാർ പ്രതിയുടെ മകനുമായി ഷോപ്പിങിന് പോയിരുന്നു. ഈ സമയത്തായിരുന്നു  പീഡനം. വിദേശത്ത് തിരികെയെത്തിയ കുട്ടി സ്കൂളിലാണ് സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഇ - മെയിൽ മൂലം പരാതി നൽകുകയായിരുന്നു. മലപ്പുറം തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിയെ 27 വർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. 1.10 ലക്ഷം രൂപ പിഴയും ചുമത്തി.