പി.ജി ഡോക്ടർമാർ സമരം ഭാഗികമായി അവസാനിപ്പിച്ചു; ഇന്ന് രാത്രി 8 മുതൽ ഡ്യൂട്ടിയ്ക്ക് കയറുംലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
പി.ജി ഡോക്ടർമാർ സമരം ഭാഗികമായി അവസാനിപ്പിച്ചു; ഇന്ന് രാത്രി 8 മുതൽ ഡ്യൂട്ടിയ്ക്ക് കയറും


തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. പി.ജി ഡോക്ടർമാർ ഇന്ന് രാത്രി 8 മുതൽ ഡ്യൂട്ടിയ്ക്ക് കയറും. അതേസമയം എമർജൻസി സർവീസിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ജോലിക്കുകയറും.

എന്നാൽ ഒ.പി ബഹിഷ്‌കരണം തുടരുമെന്ന് പി.ജി ഡോക്ടർമാർ അറിയിച്ചു. തുടര്‍സമരത്തിന്റെ കാര്യത്തില്‍ ഇന്നുതന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

മന്ത്രിയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കൂ എന്ന ഉറപ്പും മന്ത്രിയിൽനിന്ന് ലഭിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സമരം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഡോ. വന്ദനദാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹൗസ് സ‍ര്‍ജന്മാർ നടത്തിവരുന്ന സമരം പിൻവലിക്കുന്നതിൽ തീരുമാനമായില്ലെന്നും പിജി ഡോക്ട‍ര്‍മാര്‍ അറിയിച്ചു.

പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്രക്കുറിപ്പിൽ അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

ഹൗസ് സര്‍ജന്‍മാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.