ആറളം ഫാമിലെ വീട്ടുപറമ്പിൽ കെട്ടിയ പോത്ത് മോഷണം പോയി പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ കളവ് ചെയ്ത പോത്തിനെ തിരിച്ചെത്തിച്ചത് തളിപ്പറമ്പിൽ നിന്നും

ആറളം ഫാമിലെ വീട്ടുപറമ്പിൽ കെട്ടിയ പോത്ത് മോഷണം പോയി 
പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ കളവ് ചെയ്ത പോത്തിനെ തിരിച്ചെത്തിച്ചത് തളിപ്പറമ്പിൽ നിന്നും    
ഇരിട്ടി: ആറളംഫാമിൽ  വീട്ടു പറമ്പിൽ കെട്ടിയ  പോത്ത് മോഷണം പോയി. ഏഴുമാസം മുമ്പ് സർക്കാറിന്റെ  പോത്തുകുട്ടി  പരിപാലന പദ്ധതി പ്രകാരം വാങ്ങിച്ച ഫാമിലെ താമസക്കാരി ശുഭയുടെ പോത്തുകുട്ടിയാണ്   മോഷണം പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് പോത്തിനെ കാണാതായ കാര്യം ശുഭ അറിയുന്നത്. ഉടനെ അനേഷണമായി. വീട്ടുപറമ്പും പരിസരവുമെല്ലാം പരാതി നടന്നിട്ടും  പോത്തിനെ കണ്ടെത്താനായില്ല.  ഇതിനിടെ നടന്ന അന്വേഷണത്തിലാണ് തന്റെ അയൽവാസി കുട്ടപ്പൻ തന്റെ ആറ് പോത്തുകളെ വിറ്റതായി അറിയുന്നത്.  അന്ന് പോത്തിനെ അന്വേഷിച്ചെത്തിയവർ ശുഭയുടെ നല്ല വളർച്ചയുള്ള പോത്തിനെകണ്ടതോടെ അതിനെ  വിൽക്കുമോ എന്ന അന്വേഷണം ഇവരോട് നടത്തിയിരുന്നതായും അതിനെ വിൽക്കില്ലെന്ന് പറയുകയും ചെയ്തിരുന്നു.  ഇത് ശുഭ അറിഞ്ഞിരുന്നില്ല. അവർ തന്നെയാണ് തന്റെ പോത്തിനെ കൊണ്ടുപോയത് എന്ന സംശയം ജനിച്ചതോടെ കുട്ടപ്പനിൽ  നിന്നും അവരുടെ ഫോൺ നമ്പർ വാങ്ങി പല പ്രാവശ്യം വിളിച്ചെങ്കിലും ഫോൺ എടുക്കാൻ തയ്യാറായില്ല. ഇതിനെത്തുടർന്നാണ് ശുഭയും ഭർത്താവ് ബിനുവും ആറളം സ്റ്റേഷനിലെത്തി പരാതി നൽകുന്നത്.  
പോലീസ് ഇവരെ ബന്ധപ്പെട്ടപ്പോഴാണ് സംഘം പോത്തിനേയും കൊണ്ട് തളിപ്പറമ്പിലേക്ക് കടന്ന വിവരം അറിയുന്നത്. മോഷ്ടിച്ച  പോത്തിനെ വീട്ടിൽ തിരിച്ചെത്തിക്കാൻ പോലീസ് നിർദ്ദേശം നൽകി. ചൊവ്വാഴ്ച്ച വൈകിട്ട് ആറുമണിയോടെ  തളിപ്പറമ്പിൽ നിന്നും പോത്തുമായി സംഘം ശുഭയുടെ വീട്ടിലെത്തി. പോത്തിനെ പിടിക്കുമ്പോൾ മാറിപ്പോയതാണെന്നാണ് ഇവർ   പോലീസിനോടും ശുഭയോടും പറഞ്ഞത്. എന്നാൽ ഇത് മോഷണം തന്നെയാണെന്നാണ് ശുഭയും കുടുംബവും ആരോപിക്കുന്നത്.   വീട്ടുകാരുടെ പരാതിയിൽ ആറളം പോലീസ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപത്തെ സാജിദാസ് മൻസിൽ ഷൗക്കത്തിനെതിരെയും ഇടനിലക്കാരനായി നിന്ന  ആറളം ഫാം പുനരധിവാസ മേഖലയിലെ വാസുവിനെതിരെയും കേസെടുത്തു. 
ഏഴ് പോത്തുകളെ ഗുഡ്‌സ് ജീപ്പിലാണ് തളിപ്പറമ്പിലേക്ക് കുത്തിനിറച്ച് കൊണ്ടുപോയത്. തളിപ്പറമ്പിൽ നിന്നും തിരച്ചു വീട്ടിലേക്കും കൊണ്ടുന്നതോടെ പോത്തിന് അവശതയും കണ്ണിന് പരിക്കും പറ്റിയിരുന്നു. 
പോത്തിനെ വാങ്ങിയ വകയിലുള്ള കടം പോലും കൊടുത്തു തീർത്തിട്ടില്ലെന്നും തിരിച്ചു കിട്ടിയത് വലിയ ആശ്വാസമായെന്നും ശുഭ പറഞ്ഞു. ആറളം ഫാമിലെ ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ നബാർഡ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ജീവനോപാധി പദ്ധതി പ്രകാരമാണ് ശുഭയ്ക്ക് ഒരു വയസുള്ള പോത്തിനെ 50 ശതമാനം സബ്‌സീഡിക്ക് ലഭിച്ചിരുന്നത്. നല്ല പരിചരണത്തിലൂടെ തടിച്ചുകൊഴുത്ത പോത്ത് വീട്ടുക്കാർക്കെന്ന പോലെ കാഴ്ചക്കാർക്കും അരുമയായിരുന്നു. ആറളം ആദിവാസി പുരധിവാസ മേഖലയിൽ ആട്,  പോത്ത് മോഷണം വ്യാപകമായി നടക്കുന്നുണ്ടെന്ന  പരാതിയും ശക്തമാണ്.