ഒന്‍പത് മാസമെടുത്ത് സ്വന്തം കൈപ്പടയില്‍ 3500 പേജുകളിലേക്ക് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി 84 കാരി ; മുക്കാല്‍ ഭാഗത്തോളം എഴുതിയപ്പോള്‍ വീണ് പരുക്കേറ്റു എന്നിട്ടും വിട്ടില്ല
തൊടുപുഴ: സ്വന്തം കൈപ്പടയില്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയതിന്റെ സന്തോഷത്തിലാണ് 84-ാം വയസിലേക്കെത്തിയ പുറപ്പുഴ മലേക്കുടി മേരിക്കുട്ടി ജോണ്‍. ഒന്‍പത് മാസമെടുത്താണ് മേരിക്കുട്ടി ജോണ്‍ 3500 പേജുകളിലേക്ക് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയത്.
വാര്‍ധക്യമാകുബോള്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് പ്രചോദനമാണ് പുറപ്പുഴ മലേക്കുടി മേരിക്കുട്ടി ജോണ്‍. ജീവിത്തിലുണ്ടാകുന്ന ഒറ്റപ്പെടലുകളെ എങ്ങനെ അതിജീവിക്കാമെന്ന് തന്റെ പ്രവൃത്തിയിലൂടെ മേരിക്കുട്ടി മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയാണ്. ഇത് രണ്ടാം തവണയാണ് മേരിക്കുട്ടി ബൈബിള്‍ പകര്‍ത്തി എഴുതുന്നത്. ആദ്യമെഴുതിയത് നോട്ട് ബുക്കിന്റെ പേജുകളിലായിരുന്നു. എന്നാല്‍ പിന്നീട് മക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പേപ്പറില്‍ എഴുതുവാനും അത് ബൈബിള്‍ രൂപത്തിലാക്കി മാറ്റുന്നതിനും സഹായിച്ചത്.
രണ്ടാം പ്രാവശ്യം ബൈബിള്‍ മുക്കാല്‍ ഭാഗത്തോളം എഴുതിയപ്പോള്‍ വീണ് പരുക്കേറ്റ മേരിക്കുട്ടിക്ക് രണ്ടുമാസത്തോളം എഴുതാന്‍ പറ്റാത്ത അവസ്ഥയുമുണ്ടായി. എന്നാല്‍ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് മേരിക്കുട്ടി ബൈബിള്‍ പകര്‍ത്തി എഴുതിയത്.
മേരിക്കുട്ടി പകര്‍ത്തി എഴുതിയ ബൈബിളിന്റെ പ്രകാശന കര്‍മം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തില്‍ക്കണ്ടത്തില്‍ നിര്‍വഹിച്ചു. വചനങ്ങള്‍ പകര്‍ത്തി എഴുതിയ മേരിക്കുട്ടി അനേകര്‍ക്ക് നല്‍കുന്നത് വലിയ പ്രചോദനവും പ്രകാശവുമാണെന്ന് ബിഷപ്പ് പറഞ്ഞു. പരിശുദ്ധ മാതാവിന്റെ അനുഗ്രഹമാണ് തനിക്ക് ബൈബിള്‍ എഴുതുന്നതിന് പ്രചോദനമായതെന്നും, താന്‍ എന്ത് കാര്യം ചെയ്യുബോഴും മാതാവിനോട് പ്രാര്‍ഥിച്ചിട്ടാണ് ചെയ്യാറുള്ളതെന്നും മേരിക്കുട്ടി പറഞ്ഞു. സ്വന്തം കൈകൊണ്ടെഴുതിയ ബൈബിള്‍ വീട്ടിലെത്തി ബിഷപ് പ്രകാശനം ചെയ്തതിന്റെ സന്തോഷവും മേരിക്കുട്ടി മറച്ചുവയ്ക്കുന്നില്ല.
ഭൂരിഭാഗം ആളുകളും വാര്‍ധക്യമാകുബോള്‍ ഒറ്റപ്പെട്ടു പോകുന്ന അനുഭവമാണെങ്കില്‍ തന്റെ സമയം െബെബിള്‍ പകര്‍ത്തിയെഴുതി വാര്‍ധക്യജീവിതം സജീവമാക്കുകയും ചെയ്ത മേരിക്കുട്ടിയെ പുറപ്പുഴ സെന്റ്. സെബാസ്റ്റിയന്‍ പള്ളി വികാരി സെബാസ്റ്റിയന്‍ കണിമംഗലത്ത് അഭിനന്ദിച്ചു. പ്രകാശന കര്‍മത്തില്‍ നെടിയശാല പള്ളി വികാരി ഫാ. ജോണ്‍ ആനിക്കോട്ടില്‍, ഡീക്കന്‍ പോള്‍ കല്ലടിക്കല്‍, സിസ്റ്റര്‍ ഫിലോ, സിസ്റ്റര്‍ മേരി, സിസ്റ്റര്‍ എല്‍സി ജെയിന്‍ തുടങ്ങിയവരും മേരിക്കുട്ടി ജോണിന്റെ മക്കളും കൊച്ചുമക്കളും അടക്കമുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.
പരേതനായ ജോണ്‍ മലേക്കുടിയാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ്. തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്നു ജോണ്‍. 84-ാം വയസിലും വിശ്വാസത്തെ മുറുകെ പിടിച്ചുള്ള തന്റെ ജീവിതത്തില്‍ ഏറെ സന്തോഷവതിയാണ് മേരിക്കുട്ടി ജോണ്‍.