നിപ വൈറസ്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി; കുറ്റ്യാടിയില്‍ പരിശോധനക്കായി കേന്ദ്ര സംഘമെത്തി

നിപ വൈറസ്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി; കുറ്റ്യാടിയില്‍ പരിശോധനക്കായി കേന്ദ്ര സംഘമെത്തി


നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ജില്ലയിലെ ട്യൂഷന്‍ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കാമെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം, നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദര്‍ശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാന്‍ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദര്‍ശിച്ചു.

വവ്വാല്‍ സര്‍വ്വേ ടീം അംഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുല്‍ തുക്രല്‍, എം. സന്തോഷ് കുമാര്‍, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് .

മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വ്യക്ഷങ്ങള്‍ ഉള്‍പ്പെടെ സംഘം നോക്കിക്കണ്ടു. സമീപത്തുള്ള തറവാട് വീട് സന്ദര്‍ശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.

ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.