ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ഒരു മാസം കാത്തിരുന്നു ; തല കാല്‍മുട്ടില്‍ ഇടുപ്പിച്ച് കൊലപ്പെടുത്തി ; മരിച്ചെന്ന് ഉറപ്പാക്കാന്‍ അമ്മയുടെ കാമുകന്‍ പിഞ്ചു ശരീരത്തില്‍ കടിച്ചുനോക്കി

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ഒരു മാസം കാത്തിരുന്നു ; തല കാല്‍മുട്ടില്‍ ഇടുപ്പിച്ച് കൊലപ്പെടുത്തി ; മരിച്ചെന്ന് ഉറപ്പാക്കാന്‍ അമ്മയുടെ കാമുകന്‍ പിഞ്ചു ശരീരത്തില്‍ കടിച്ചുനോക്കി


കൊച്ചി: എളമക്കര ലോഡ്ജ് മുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കുട്ടിയുടെ മാതാവിന്റെ കാമുകന്‍ ഷാനിഫ് കുഞ്ഞിന്റെ തല കാല്‍മുട്ടില്‍ ഇടുപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഈ സംഭവത്തില്‍ മാതാവ് അശ്വതിയെയും കാമുകന്‍ ഷാനിഫിന്റെയും അറസ്റ്റ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ജനിച്ചപ്പോള്‍ മുതല്‍ കൊല്ലാന്‍ തീരുമാനം എടുത്തിരുന്നതാണെന്നും ഒരു മാസമായി അവസരത്തിനായി ഷാനിഫ് കാത്തിരിക്കുകയായിരുന്നു എന്നുമാണ് വിവരം. മാസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യമാധ്യമത്തിലൂടെയാണ് ഷാനിഫ് അശ്വതിയെ പരിചയപ്പെട്ടത്. ഈ സമയത്ത് അവര്‍ മറ്റൊരു ബന്ധത്തില്‍ ഗര്‍ഭിണിയായിരുന്നു. കുഞ്ഞുണ്ടായത് ഇവര്‍ക്കിടയില്‍ അസ്വാരസ്യമാകുകയും ചെയ്തിരുന്നു.

ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കുഞ്ഞ് തടസ്സമാകും എന്ന കണ്ടാണ് കൊലപ്പെടുത്താന്‍ ഇവര്‍ ആലോചിച്ചത്. തുടര്‍ന്ന് അതിനായി ഒരുമാസമായി അവസരം കാത്തിരിക്കുകയുമായിരുന്നു. കുട്ടിയെ കൊല്ലുക ഉന്നമിട്ടാണ് എളമക്കരയില്‍ ലോഡ്ജില്‍ മുറിയെടുത്തതും.

കുഞ്ഞിന്റെ തല ശക്തമായി മുട്ടിയുണ്ടായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിന് പിന്നാലെ ഡോക്ടറാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

കുട്ടി മരണപ്പെട്ടോ എന്നറിയാന്‍ ഷാനിഫ് ശരീരത്തില്‍ കടിച്ചു നോക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മയായ അശ്വതിക്കും ഈ ക്രൂര കൃത്യത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ ഈ കൊലപാതകത്തില്‍ തനിക്ക് യാതൊരു വിധത്തിലുള്ള പങ്കില്ലായെന്നും താന്‍ ഇതൊന്നും അറിഞ്ഞട്ടില്ലായെന്നുമുള്ള നിലപാടിലാണ് കുഞ്ഞിന്റെ അമ്മ.

താന്‍ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. അശ്വതിയെയും ഷാനിഫിനെയും രണ്ടു സ്‌റ്റേഷനുകളില്‍ വെച്ചായിരുന്നു പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു മരിച്ചനിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അമ്മയെയും പങ്കാളിയെയും പോലീസ് കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

കുഞ്ഞിന്റെ മരണത്തില്‍ അമ്മയ്ക്കുള്ള പങ്ക് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളാണ് പോലീസ് പ്രധാനമായും തേടുന്നത്. കുട്ടിയുടെ അമ്മയും പങ്കാളിയും നിയമപരാമായി വിവാഹിതരല്ല. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു താമസം.