കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി!

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

ഉഡുപ്പി: ജീവിതത്തിൽ ചില സംഭവങ്ങളുണ്ടാവാറുണ്ട്. ഒരുഞൊടി അത് സത്യമോ മിഥ്യയോ എന്ന് നാം അതിശയിച്ച് പോയ സംഭവങ്ങൾ. മരണമുഖത്ത് രക്ഷപ്പെട്ടതുമുണ്ടാവും അതിൽ. അത്തരത്തിൽ ഒരു സംഭവമാണിത്. 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ് മൂന്ന് ദിവസത്തിന് ശേഷം അതിൽ നിന്ന് തികച്ചും അതിശയകരമായി രക്ഷപ്പെട്ട 62കാരനെ കുറിച്ചാണ് പറയാനുള്ളത്. ഗ്യാസ് സിലിണ്ടറിനായുള്ള ഒടിപിയാണ് ഈ വയോധികനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നുള്ളതാണ് സംഭവം. ഉഡുപ്പിയിലെ ആദി ഉഡുപ്പി കംബ്ലക്കട്ടു സ്വദേശിയായ ശ്രീനിവാസ ആചാര്യ ആണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന 62 കാരൻ.

സംഭവം ഇങ്ങനെ

ഒറ്റക്കാണ് ശ്രീനിവാസ് താമസിച്ചിരുന്നത്. തന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. കുറച്ച്
ദിവസങ്ങൾക്ക് മുമ്പ്, വീടിനടുത്തുള്ള കിണറിൽ മാലിന്യം നിറയുകയും വെള്ളം പൈപ്പിലൂടെ കയറുന്നത് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കിണർ വൃത്തിയാക്കാൻ തീരുമാനിച്ചത് കിണറ്റിലിറങ്ങാൻ ഉപയോഗിച്ച കയറും പൈപ്പും പെട്ടെന്ന് പൊട്ടിപ്പോയി. ഇതോടെ അദ്ദേഹം താഴേക്ക് പതിക്കുകയായിരുന്നു. വീടിന് ചുറ്റും മറ്റ് വീടുകൾ ഇല്ലാത്തതിനാലും ഒറ്റപ്പെട്ട സ്ഥലമായതിനാലും അദ്ദേഹത്തിന്റെ നിലവിളി ആരും കേട്ടില്ല.

20അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കിണറ്റിലേക്കായിരുന്നു വീഴ്‌ച. എന്നാൽ ഭാഗ്യത്തിന് കിണറ്റിലെ പൈപ്പിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്ന് രാത്രിയും മൂന്ന് പകലുമാണ് അദ്ദേഹം ആ പൈപ്പിൽ തൂങ്ങിക്കിടന്നത്. ഭക്ഷണവും ക്ഷീണവും കാരണം തളർന്നുപോയെങ്കിലും ആരെങ്കിലും തന്നെ രക്ഷിക്കാൻ വരുമെന്ന പ്രതീക്ഷയിൽ ശ്രീനിവാസ ആചാര്യ പൈപ്പിൽ തൂങ്ങിക്കിടക്കുകയായിരുന്നു.

അതിനിടെ അപ്രതീക്ഷിതമായി അത് സംഭവിച്ചു. ഗ്യാസ് സിലിണ്ടർ 'ഒടിപി' രക്ഷകനായെത്തി. ഗ്യാസ് സിലിണ്ടർ ഡെലിവറി ഏജന്റായ ഗണേഷ് ശ്രീനിവാസിന്റെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. സിലിണ്ടർ ഡെലിവറി പൂർത്തിയാക്കാൻ ആചാര്യയുടെ ഫോണിലേക്ക് വന്ന 'ഒടിപി' ആവശ്യമുണ്ടായിരുന്നു. ഇതിനായി ആചാര്യയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വീട് പൂട്ടിയ നിലയിലായിരുന്നു.

സാധാരണ ഗതിയിൽ സിലിണ്ടർ തിരികെ കൊണ്ടുപോകാറുള്ള ഏജന്റ്റ് ഇത്തവണ എന്തോ പന്തികേട് തോന്നി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ അവശനായി കിടക്കുന്ന ആചാര്യയെ കണ്ടെത്തിയത്.

ഉടൻ തന്നെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായിരുന്ന ആചാര്യയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ലഭിച്ച ചികിത്സ നൽകാൻ കഴിഞ്ഞതിനാൽ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.