പടമലയിലിറങ്ങിയ കാട്ടാന ചാലിഗദ്ധ ഭാഗത്ത്, നിരീക്ഷിച്ച് ആര്‍ആര്‍ടി, മയക്കുവെടി വെക്കാൻ തയ്യാറെടുപ്പ്

പടമലയിലിറങ്ങിയ കാട്ടാന ചാലിഗദ്ധ ഭാഗത്ത്, നിരീക്ഷിച്ച് ആര്‍ആര്‍ടി, മയക്കുവെടി വെക്കാൻ തയ്യാറെടുപ്പ്


മാനന്തവാടി: പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. 

ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാക്കിയാവും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. വടക്കൻ കേരളത്തിന്റെ ചുമതലയുള്ള സിസിഎഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. വെറ്ററിനറി സംഘത്തെ ഡോ അജേഷ് മോഹൻദാസാണ് നയിക്കുന്നത്. തണ്ണീർ കൊമ്പൻ ദൗത്യം ദുരന്തത്തിൽ കലാശിച്ച പശ്ചാത്തലത്തിൽ ഏറെ കരുതലോടെയാണ് പടമലയിലെ ആനയെ പിടികൂടാൻ വനവകുപ്പ് തയ്യാറെടുപ്പുകൾ നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം അതിരു വിടാതിരിക്കാൻ ഉള്ള ജാഗ്രതയിലാണ് പൊലീസ്.

കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പടമല അൽഫോൻസാ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കാരിക്കുക. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ശേഷം 10 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ഇന്ന് 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.