വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവതിയെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, പൊള്ളലേറ്റ പ്രതി കിണറ്റില്‍ ചാടി


വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവതിയെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, പൊള്ളലേറ്റ പ്രതി കിണറ്റില്‍ ചാടി


തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതി വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃ ത്ത് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50), ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) എന്നിവർക്കാണ് പൊള്ളലേറ്റത് ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു.

കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ യുവതിയെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത ഗുരുതരാവസ്ഥയിലാണ്. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റു. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.