വഖ്ഫ് ഭേദഗതി ബിൽ വഖഫിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നത്: കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട് | വഖ്ഫ് എന്ന
ഇസ്ലാമിക ആശയത്തെ റദ്ദ് ചെയ്യുന്നതും അതിൻ്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതുമാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ വഖ്ഫ് ഭേദഗതി ബില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്. ഫലത്തിൽ വഖ്ഫ് ബോർഡിനെ ഇല്ലാതാക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കാബിനറ്റ് യോഗം ആവശ്യപ്പെട്ടു.
വഖ്ഫ് ബോർഡിൻ്റെ അന്തസ്സത്ത തകർക്കുന്നതടക്കമുള്ള നാൽപ്പതിലധികം ഭേദഗതികൾ പാർലിമെന്റിൽ വിതരണം ചെയ്ത ബില്ലിന്റെ പകർപ്പിലുണ്ട്. വഖ്ഫ് കൗൺസിലിന്റെയും വഖ്ഫ് ബോർഡിന്റെയും അധികാരം
കവർന്നെടുക്കുന്ന ഭേദഗതിയാണ്
കൊണ്ടുവരുന്നത്. ഇതുകൊണ്ട്
എന്താണ് ലക്ഷ്യമാക്കുന്നത് എന്ന്
വിശദീകരിക്കണം. വഖ്ഫ്
സ്വത്തുക്കളിൽ സർക്കാറിന്റെ
നിയന്ത്രണം ഉറപ്പ് വരുത്തുന്നു
എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
നിലവിൽ വഖ്ഫ് സ്വത്തുക്കളുടെ
കൈകാര്യം നിയമവിധേയമായി
നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കെ
നിയന്ത്രണമല്ല, അമിതാധികാരമാണ്
ഉന്നമിടുന്നതെന്ന് സംശയക്കണം.
സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും
നടത്തിപ്പിനുമുള്ള പൂർണാധികാരവും
വഖ്ഫ് ബോർഡുകൾക്ക് നൽകുന്ന
വഖ്ഫ് നിയമത്തിലാണ് കാര്യമായി
ഭേദഗതി കൊണ്ടു വരുന്നത്.
റവന്യൂ നിയമങ്ങൾ പൂർണമായും പാലിച്ചുമാത്രമേ സ്വത്തുക്കൾ വഖ്ഫിലേക്ക് മാറ്റാനാകൂ എന്ന നിർദേശവും സംശയാസ്പദമാണ്. വഖ്ഫ് ചെയ്യുന്ന വേളയിൽ അനാവശ്യതടസ്സങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. മുസ്ലിംകളുടെ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടു നിലനിൽക്കുന്ന വഖ്ഫ് ബോർഡിൽ മുസ്ലിം ഇതരരായ രണ്ടുപേർ വേണമെന്ന് ശഠിക്കുന്നതിന്റെ സാധുതയും വ്യക്തമല്ല. ബിൽ പാസാകുന്നതോടെ വഖ്ഫ് സ്വത്തുക്കൾ വളരെ എളുപ്പത്തിൽ കയേറ്റക്കാർക്ക് സ്വന്തമാക്കാനാകും. ഇപ്പോൾ തന്നെ വലിയ നിലയിൽ കൈയേറ്റം നടക്കുന്ന വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തിൽ ഇത് പേടിപ്പെടുത്തുന്നതാണ്.
തർക്കഭൂമികൾ എന്ന പേരിലുള്ള വഖ്ഫ് സ്വത്തുക്കളിൽ സർക്കാറിന് പുതുതായി പരിശോധന നടത്താനുള്ള അവകാശം ഭേദഗതി ബിൽനൽകുന്നുണ്ട്. ഇതോടെ ‘തർക്ക സ്വത്തുക്കളി'ൽ സർക്കാർ നിലപാട് നിർണായകമാകും. രാജ്യത്തിൻ്റെ പല ഭാഗത്തും മുസ്ലിം ആരാധനാലയങ്ങളും വഖ്ഫ് സ്വത്തുക്കളും ‘തർക്കഭൂമി’കളാക്കാൻ വലിയ ഗൂഢാലോചനകൾ നടക്കുമ്പോൾ ഈ നീക്കം ദുരൂഹമാണ്. മുസ്ലിം പണ്ഡിത നേതൃത്വവുമായും സംഘടനകളുമായും ചർച്ച ചെയ്യാനും അവരുടെ ആവശ്യങ്ങൾ മാനിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എം.എൻ. കുഞ്ഞി മുഹമ്മദ് ഹാജി, എൻ. അലി അബ്ദുല്ല,
ബി.എസ്.അബ്ദുദുല്ലക്കുഞ്ഞി ഫൈസി ,സി.പി. സൈതലവി, മജീദ് കക്കാട്, എ.സൈഫുദ്ധീൻ ഹാജി, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്ഫ കോഡൂർ എന്നിവർ സംബന്ധിച്ചു.