സ്വന്തം വിവാഹത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിനും നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് തൂങ്ങി മരിച്ചു
റിയാദ്: സ്വന്തം വിവാഹത്തിനും പുതുതായി നിർമിച്ച വീടിന്‍റെ ഗൃഹപ്രവേശനത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് ഖബറടക്കി. കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താൽ പറമ്പിൽ മുന്ന സാഹിലിെൻറ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹിൽ, പുതിയ വീടിെൻറ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനും മാസങ്ങൾക്ക് ശേഷം നടക്കാനിരുന്ന തെൻറ വിവാഹത്തിെൻറ ഒരുക്കങ്ങൾക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പുകൾക്കിടയിലാണ് പ്രവാസി സമൂഹത്തെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് മുന്ന ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ നാല് വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിലെ ഒരു ഭക്ഷ്യോൽപന്ന വിതരണ കമ്പനിയിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു മുന്ന. ഒരാഴ്ച മുമ്പാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിെൻറ ഗോഡൗണിനോട് ചേർന്നുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മുന്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൗദി പൊലീസ് സ്ഥലത്തെത്തി ആവശ്യമായ അന്വേഷണങ്ങളും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനൽകിയത്.ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി. അഷ്റഫ്–സാഫിയ ദമ്പതികളുടെ മകനാണ്. നിഹാൽ റോഷൻ സഹോദരനാണ്. മുന്ന സാഹിലിെൻറ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത ദുഃഖമായി മാറി
