നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ പരാതി നൽകിയതിന് ശേഷം പൊലീസ് തന്‍റെ പുറകെയാണെന്ന് പിവി അൻവർ എംഎൽഎ. കഴിഞ്ഞദിവസം രാത്രി രണ്ടുമണിക്ക് വരെ പൊലീസുകാര്‍ തന്റെ വീടിന് സമീപത്ത് വന്നിരുന്നു. എപ്പോഴും തുറന്ന് കിടക്കുന്ന ഗേറ്റാണണ് തന്‍റെ വീടിന്‍റേത്. ഫോൺ ചെയ്യുമ്പോൾ രാത്രി വീടിന് പുറത്ത് പൊലീസുകാരെ കണ്ടു. ഇവിടെ നിന്ന് പോലും പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൊലീസിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിയുണ്ട്. സാധാരണ പാർട്ടി പ്രവർത്തകർക്ക് പൊതുപ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്ക് സാധാരണക്കാരുടെ ഒരു വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാനാവുന്നില്ല. കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന അവസ്ഥാവിശേഷമാണ് കേരളത്തിലുള്ളത്. ഇതിനെല്ലാം മുഴുവൻ ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും ആ നയത്തിൽ നിന്ന് മാറിയിട്ടില്ലെന്നും പിവി അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പിവി അൻവര്‍ എംഎല്‍എ നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ല, ഒരു നിമിഷം പോലും ആഭ്യന്തര മന്ത്രി സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അൻവർ പറഞ്ഞു. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയവും സിപിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ലെന്നും അൻവർ ആരോപിച്ചു.