മുണ്ടക്കയം: കാട്ടാന ഭീഷണിയെ വകവയ്ക്കാതെ അബോധാവസ്ഥയില്‍ കിടന്ന വയോധികക്കു രക്ഷകരായി പെരുവന്താനം പോലീസ്. വീടിനുള്ളില്‍ മരിച്ചു കിടക്കുന്നുവെന്നു പറഞ്ഞ വയോധികയുടെ ജീവനാണു പെരുവന്താനം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷിക്കാനായത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച പോലീസ് സംഘത്തിന്റെ വഴിമുടക്കി കാട്ടാനക്കൂട്ടവും. ജീവനുണ്ട് വേഗം ആശുപത്രിയിലെത്തിക്കണമെന്ന എസ്‌ഐ: അജീഷിന്റെ ഉറച്ച തീരുമാനം മരണപാതയില്‍നിന്നും നബീസുമ്മയെ ജീവിതത്തിന്റെ പാതയിലേക്കു തിരിച്ചു കൊണ്ടുവരികയായിരുന്നു.
കാനമലയുടെ മുകളില്‍ ഒറ്റമുറി വീട്ടിലായിരുന്നു നബീസ. ഇവര്‍വീട്ടില്‍ മരിച്ചു കിടക്കുന്നു, കട്ടിലില്‍ കാല്‍ ഉയര്‍ന്നുനില്‍പ്പുണ്ട്, ശരീരം നിലത്താണ്, വാതില്‍ തുറന്ന് ഒന്നേ നോക്കിയുള്ളൂ, പേടിച്ചുപോയി, വേഗം വരണമെന്നുള്ള നാട്ടുകാരനായ ബെന്നിയുടെ ഫോണ്‍ കോള്‍ ബുധനാഴ്ച രാത്രി 6.30ന് അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴക്കോട്ടയിലിനു കിട്ടി. ഇതോടെ തനിച്ചു താമസിക്കുന്ന അറുപതു വയസുള്ള വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ഷാജി പെരുവന്താനം സ്‌റ്റേഷനില്‍ അറിയിച്ചു. എസ്.എച്ച്.ഒ ത്രിദ്രീപ് ചന്ദ്രന്റ നിര്‍ദേശപ്രകാരം എസ്.ഐമാരായ കെ.ആര്‍. അജീഷ്, മുഹമ്മദ് അജ്മല്‍, ആദര്‍ശ്, ഷെരീഫ്, അന്‍സാരി എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തേക്കു യാത്ര തിരിച്ചു. ഇന്‍ക്വസ്റ്റ് ഫയല്‍, രാത്രി കാവലിനു രണ്ടു സി.പി.ഒമാര്‍ എന്നിങ്ങനെ കരുതിയായിരുന്നു യാത്ര.
നബീസ മരിച്ചു എന്ന വാര്‍ത്ത ഇതിനോടകം നാട്ടില്‍ പടര്‍ന്നു. രണ്ടു ദിവസമായി നബീസയെ പുറത്തെങ്ങും കാണാനില്ലായിരുന്നു. ബന്ധുവീട്ടില്‍ പോയെന്നു സമീപവാസികള്‍ കരുതി. എങ്കിലും സംശയം തോന്നി വീട്ടില്‍ കയറി നോക്കിയപ്പോഴാണു നിലത്തു കിടക്കുന്ന നിലയില്‍ കണ്ടത്. ദൂരെയുള്ള ഏക മകളെയും മരണ വാര്‍ത്ത അറിയിച്ചു. എട്ടു കിലോമീറ്റര്‍ യാത്ര ചെയ്തു പോലീസ് തെക്കമേലയില്‍ എത്തിയതോടെ ബ്ലോക്ക് പഞ്ചായത്തംഗവും നാട്ടുകാരും ഒപ്പം ചേര്‍ന്നു. അവിടെ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കണം കാനമലയില്‍ എത്താന്‍.
യാത്രയ്ക്കിടെ വഴിയില്‍ കാട്ടാനകള്‍ വഴിമുടക്കി. ടി.ആര്‍.ആന്‍ഡ്.ടി എസ്‌റ്റേറ്റില്‍ നിന്നും ജനവാസ മേഖലയിലേക്കു കടന്ന കാട്ടാനകള്‍ കാനംമല റോഡിന്റെ വശത്തായി നിലയുറപ്പിച്ചിരുന്നു. കുറേ ദിവസങ്ങളായി കൃഷികള്‍ നശിപ്പിച്ചു കാട്ടാനക്കൂട്ടം ഇവിടെ ചുറ്റി തിരിയുന്നുണ്ട്. വനപാലകരെ അറിയിച്ചെങ്കിലും എത്താന്‍ വൈകിയതോടെ ആന ഇറങ്ങിയ വഴിയിലൂടെ രണ്ടും കല്‍പ്പിച്ചു ജീപ്പില്‍ യാത്ര തുടര്‍ന്നു.
വാഹനം എത്തുന്ന റോഡില്‍ നിന്നും അന്‍പതു മീറ്റര്‍ നടന്നു കയറി ഒന്‍പതു മണിയോടെ പുതുപ്പറമ്പില്‍ നബീസയുടെ വീട്ടില്‍ സംഘം എത്തി. ഈ സമയത്തു നബീസയുടെ മകളും വിവരം അറിഞ്ഞു വന്നിരുന്നു. വീടിന്റെ കതകു തുറന്ന് അകത്തു കയറി പോലീസ് പരിശോധന നടത്തി. നബീസയുടെ വയര്‍ അനങ്ങിയതു ശ്രദ്ധയില്‍പെട്ടതോടെ എസ്.ഐ പറഞ്ഞു ജീവനുണ്ട് ആശുപത്രിയില്‍ എത്തിക്കണം ഉടന്‍ തന്നെ പുതപ്പില്‍ കിടത്തി ആളുകള്‍ ചേര്‍ന്നു ചുമന്നു റോഡില്‍ എത്തിച്ചു പിന്നീട് ജീപ്പില്‍ ആശുപത്രിയിലേക്കും. ആശുപത്രിയില്‍ എത്തിച്ചു മരുന്നുകളോട് വേഗത്തില്‍ പ്രതികരിച്ചതോടെ ശരീരത്തിന് അനക്കം വച്ചു.
പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നബീസയ്ക്കുണ്ടായിരുന്നു. ഓക്‌സിജന്‍ നല്‍കി ഇന്നലെ ഉച്ചവരെ വാര്‍ഡില്‍ത്തന്നെ കിടത്തി. ഉച്ചയ്ക്കുശേഷം അല്‍പം ക്ഷീണം വര്‍ധിച്ചതോടെ ഐസിയുവിലേക്കു മാറ്റി. മരിച്ചുവെന്നു വിധിയെഴുതിയ നാട്ടിലേക്കു നബീസ ജീവനോടെ തിരിച്ചുവരണേ എന്ന പ്രാര്‍ഥനയിലാണ് തെക്കേമല കാനമല നിവാസികള്‍