‘കടയില്‍ നിന്ന് വാങ്ങിയ ബ്ലേഡുകൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ചു’; വീട്ടിലെ പ്രസവത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പരാതി; പ്രസവം നടന്നതിന് രേഖകളില്ലെന്ന് അധികൃതര്‍


‘കടയില്‍ നിന്ന് വാങ്ങിയ ബ്ലേഡുകൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ചു’; വീട്ടിലെ പ്രസവത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പരാതി; പ്രസവം നടന്നതിന് രേഖകളില്ലെന്ന് അധികൃതര്‍


കോഴിക്കോട് വീട്ടില്‍ പ്രസവം നടന്നതിന്റെ പേരില്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മിഷനാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

2024 നവംബര്‍ 2ന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് പരാതി. ഷറാഫത്തിന്റെ ഭാര്യ ആസാ ജാസ്മിന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗര്‍ഭകാലചികിത്സ തേടിയത്. ആശുപത്രി യുവതിയ്ക്ക് ഒക്ടോബര്‍ 28ന് ആയിരുന്നു പ്രസവ തീയതി നല്‍കിയിരുന്നത്.

എന്നാല്‍ ആസാ ജാസ്മിന് ഒക്ടോബര്‍ 28ന് പ്രസവ വേദന അനുഭവപ്പെടാത്തതിനാല്‍ അന്നേ ദിവസം ആശുപത്രിയില്‍ പോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 2ന് രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. പിന്നാലെ ഷറാഫത്ത് സമീപത്തെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി വന്ന് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയെന്നാണ് ഇവര്‍ പറയുന്നത്.

നവംബര്‍ 2ന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാര്‍ട്ട് വഴി ജനന സര്‍ട്ടിഫിക്കറ്റിനായ അപേക്ഷ നല്‍കിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ആശാ വര്‍ക്കര്‍ എത്തി പരിശോധന നടത്തിയെന്നും ഷറാഫത്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

പൊതുജന ആരോഗ്യ സംവിധാനം അനുസരിച്ച് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അത് സംഭവിച്ചിട്ടില്ല. പ്രസ്തുത വിലാസത്തില്‍ പ്രസവം നടന്നതിന് മതിയായ രേഖകളും ഇല്ല. രേഖകള്‍ ഹാജരാക്കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസ്സമില്ലെന്നാണ് അധികൃതരുടെ വാദം.

ഇതുകൂടാതെ നവജാത ശിശുവിന് നല്‍കേണ്ട മൂന്ന് പ്രധാന വാക്‌സിനുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തതയില്ല. ജനിച്ച് 24 മണിക്കൂറിനുള്ളില്‍ നല്‍കേണ്ട വാക്‌സിനുകള്‍ കുഞ്ഞിന് നിഷേധിക്കപ്പെടുന്നത് ശിശുസംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തലുകള്‍.