‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ലോകത്തിന് താങ്ങാനാവില്ല’; ആശങ്ക പ്രകടിപ്പിച്ച് യുഎൻ


‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ലോകത്തിന് താങ്ങാനാവില്ല’; ആശങ്ക പ്രകടിപ്പിച്ച് യുഎൻ


ഇന്ത്യയുടെ സൈനിക നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. ‘നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെ’ന്ന് യുഎൻ സെക്രട്ടറി പ്രതികരിച്ചു.

ഇന്നലെ പുലർച്ചെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. സ്മാർട്ട് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

അതേസമയം നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകൾ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദ്ദേശം നൽകി. ജമ്മുവിൽ കൺട്രോൾ റൂമുകൾ തുറന്നു.