
പാറ്റ്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടുകളുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയതിനെതിരെ പാർട്ടി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ജനാധിപത്യം മോഷ്ടിക്കപ്പെടുകയാണെന്നും നിഡാനി ഗ്രാമം അതിന്റെ തെളിവാണെന്നും കോൺഗ്രസ് ആരോപിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇതിനെതിരെ പ്രതികരിച്ചു. “ഒരു ചെറിയ ഗ്രാമത്തിലെ 947 പേരെ ഒരൊറ്റ വിലാസത്തിൽ ‘തള്ളാൻ’ കഴിയുമെങ്കിൽ, ബീഹാറിലും ഇന്ത്യയിലാകെയും നടക്കുന്ന ക്രമക്കേടുകൾ എത്ര വലുതായിരിക്കുമെന്ന് സങ്കൽപ്പിക്കണം” എന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമത്തിലെ വീടുകൾക്ക് സ്ഥിരമായ വീട്ടുനമ്പറുകൾ അനുവദിച്ചിട്ടില്ലാത്തതിനാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ സാങ്കൽപ്പികമായി നമ്പർ നൽകി എന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിശദീകരിച്ചത്. എന്നാൽ, 947 പേരെയും ‘വീട് നമ്പർ 6’ ലാണ് താമസിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുള്ള ഗ്രാമത്തെ മുഴുവൻ ഒരു വീടായി കാണിച്ചുവെന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
വീടുതോറും പരിശോധന നടത്തി മാത്രമേ വോട്ടർ പട്ടിക തയ്യാറാക്കാവൂവെന്ന നിലപാടാണ് നിയമപരമായി നിലനിൽക്കുന്നതെന്നും, എങ്കിൽ വീടുകളുടെ യഥാർത്ഥ നമ്പറുകൾ പട്ടികയിൽ നിന്ന് എങ്ങനെ ഒഴിവാക്കി എന്നു കോൺഗ്രസ് ചോദിച്ചു. വീട്ടുനമ്പറുകൾ ഇല്ലാതാക്കുന്നത് വ്യാജ വോട്ടുകൾ, ഇരട്ട വോട്ടുകൾ, മരിച്ചവരുടെ പേരിലുള്ള വോട്ടുകൾ തുടങ്ങി ഗുരുതരമായ ക്രമക്കേടുകൾക്ക് വഴി തെളിക്കുമെന്നാണ് പാർട്ടിയുടെ നിലപാട്. ഇതിലൂടെ ആരാണ് പ്രയോജനം നേടുന്നത് എന്ന് പാർട്ടി ചോദ്യംചെയ്തു.
വിവാദം ഉയർന്നതോടെ ഗയ ജില്ലാ ഭരണകൂടം ഗ്രാമവാസികളുടെ നാല് വീഡിയോകൾ പുറത്തുവിട്ടു. സ്ഥിരമായ വീട്ടുനമ്പറുകൾ അനുവദിക്കാത്ത നിരവധി ഗ്രാമങ്ങളിലും ചേരികളിലും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വീടുകൾക്ക് പ്രതീകാത്മക സീരിയൽ നമ്പർ നൽകുന്നതാണെന്നും, അത് വോട്ടർമാരെ തിരിച്ചറിയാനും ക്രമത്തിൽ പട്ടികപ്പെടുത്താനുമുള്ള സൗകര്യത്തിനായി മാത്രമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകൾ യഥാർത്ഥ വീടുകളുടെ വിലാസത്തിന് പകരം, സർവേ അടിസ്ഥാനത്തിലുള്ള അടയാളങ്ങളാണെന്നതാണ് ഔദ്യോഗിക വിശദീകരണം.
