സ്വതന്ത്ര ഫലസ്തീന്‍: ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് കാന്തപുരം

സ്വതന്ത്ര ഫലസ്തീന്‍: ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് കാന്തപുരം



കോഴിക്കോട് : ഫലസ്തീന്‍-ഇസ്രായേല്‍ ദ്വിരാഷ്‌ട്ര പരിഹാരം നിര്‍ദേശിക്കുന്ന യുഎന്‍ പൊതുസഭ പ്രമേയത്തെ അനുകൂലിച്ച ഇന്ത്യന്‍ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. യുദ്ധക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട ജനതക്കൊപ്പം നില്‍ക്കാന്‍ ലോകമാകെ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

ഗാസക്ക് പുറമെ മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും അശാന്തി പടര്‍ത്തുന്ന ഇസ്രായേല്‍ നടപടി ന്യായീകരിക്കാനാവില്ലെന്നും കാന്തപുരം പറഞ്ഞു.നബിദിനാഘോഷങ്ങളോടനുബന്ധിച്ച് മര്‍കസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ദ്വിരാഷ്‌ട്ര പരിഹാരം നടപ്പിലാക്കുന്നതിലൂടെ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാമെന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാന്‍സ് പൊതുസഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇസ്രയേല്‍, അമേരിക്ക, അര്‍ജന്റീന, ഹംഗറി തുടങ്ങി പത്ത് രാജ്യങ്ങള്‍ എതിര്‍ത്തു.