രാഹുൽ മാങ്കൂട്ടത്തിൽ കേസ്; യുവതിക്കെതിരായ സൈബർ അതിക്രമം, രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ, സന്ദീപ് വാര്യരും പ്രതി

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; യുവതിക്കെതിരായ സൈബർ അതിക്രമം, രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ, സന്ദീപ് വാര്യരും പ്രതി



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി. കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൽ ഒന്നാം പ്രതിയും അഡ്വ. ദീപാ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യർ നാലാം പ്രതിയും ആണ്. യുവതിയുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുക, സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. എ.ആർ. ക്യാമ്പിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. രാഹുൽ ഈശ്വറിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുമെന്നാണ് വിവരം. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ അന്വേഷണങ്ങൾ ശക്തമാക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്കു നൽകിയ ലൈംഗിക അതിക്രമപരാതിക്ക് ശേഷം അതിജീവിതയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് യുവതി തന്നെ സൈബർ പൊലീസിൽ പരാതി നൽകി. ഈ പരാതിയെ അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനും നടപടികൾ വേഗത്തിലാക്കാനും എഡിജിപി എച്ച്. വെങ്കിട്ടേഷ് നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഓൺലൈൻ ഇടപാടുകൾ പരിശോധിക്കുന്നതും ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതും ഇപ്പോഴും തുടരുകയാണ്