ഇരിട്ടിയിലെ ഡ്രൈവറെ ഓട്ടോയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി
പെരുവണ്ണാമൂഴി: പന്തിരിക്കര പട്ടാണിപ്പാറയിൽ ടാക്സിഡ്രൈവറായ യുവാവിനെ ദുരൂഹസാഹചര്യത്തിൽ ഓട്ടോയിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇരിട്ടിയിലെ ടാക്സിഡ്രൈവറാണെന്നും ഷിജു (49) എന്നാണ് പേരെന്നും ഇയാൾ പറഞ്ഞു. ചങ്ങലകൊണ്ട് വാഹനത്തിന്റെ സ്റ്റിയറിങ്ങുമായി കൈയും കാലും ബന്ധിപ്പിച്ച നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. പൂട്ടിന്റെ താക്കോൽ കീശയിൽ ഉണ്ടായിരുന്നു.
ഇരിട്ടിയിൽനിന്ന് ഒരുസംഘം വാഹനം ഓട്ടം വിളിച്ചെന്നും പിന്നീട് എന്തോ വസ്തു മണപ്പിച്ചെന്നും ബോധം വന്നപ്പോൾ കടിയങ്ങാട് വാഹനത്തിൽ ചങ്ങലയിട്ട നിലയിലാണ് താൻ ഉണ്ടായിരുന്നതെന്നുമാണ് ഷിജു നാട്ടുകാരോടു പറഞ്ഞത്. ഒരു കൈകൊണ്ട് വാഹനം ഓടിക്കാവുന്ന നിലയിലായിരുന്നു.കൂരാച്ചുണ്ടിലെ ബന്ധുവീട്ടിലേക്ക് വാഹനവുമായി ഇതേ നിലയിൽ പോകാൻ ശ്രമിക്കുകയും പട്ടാണിപ്പാറയിൽനിന്ന് വാഹനം തിരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ നാട്ടുകാർ അരികിലേക്ക് ചെല്ലുകയുമായിരുന്നു. പെരുവണ്ണാമൂഴി പോലീസെത്തി ഡ്രൈവറെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.
വീട്ടിൽനിന്ന് ചെറിയ പ്രശ്നമുണ്ടായ ശേഷം പോന്നതാണെന്നാണ് പോലീസ് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം. കൃത്യമായ വിവരങ്ങളൊന്നും ഇയാൾക്ക് പറയാൻ കഴിയുന്നില്ലെന്ന് പോലീസ് പറഞ്ഞു. സ്വയംചെയ്തതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
പരാതിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾക്കൊപ്പം വിടുകയും ചെയ്തു. പെരുവണ്ണാമൂഴിക്കടുത്തും ഇദ്ദേഹത്തിന് ബന്ധുക്കളുണ്ടായിരുന്നു
