ബില്ലടക്കാതിരിക്കാൻ കടുംകൈ! കക്ഷത്തിലെ രോമം പറിച്ച് പാത്രത്തിലിട്ടു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഹോട്ടലുടമ; സംഭവം സിഡ്‌നിയിൽ
സിഡ്‌നി: ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ രോമം കിടന്നതിനെ ചൊല്ലിയുണ്ടായ തർക്കവും പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും ഓസ്ട്രേലിയയിൽ വൻ ചർച്ചയാവുകയാണ്. സിഡ്‌നിയിലെ പോണി ഡൈനിങ് ഇൻ ദ റോക്‌സ് എന്ന ഹോട്ടലിലെ ദൃശ്യങ്ങളാണ് ഹോട്ടലുടമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ പാത്രത്തിലെ രോമം ചൂണ്ടിക്കാട്ടി ബില്ല് അടക്കാതെ പോയ ഉപഭോക്താവിൻ്റേതാണ് വീഡിയോ. ഭക്ഷണം കഴിക്കുന്നതിനിടെ ഇയാൾ കക്ഷത്തിൽ നിന്ന് രോമം പറിച്ച് പാത്രത്തിലിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ഇത്തരം ദൃശ്യങ്ങൾ തങ്ങൾ സാധാരണ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹോട്ടലുടമ ദൃശ്യം പങ്കുവച്ചത്. ഓർഡർ ചെയ്ത ഭക്ഷണം നൽകിയ ശേഷം ഉപഭോക്താവ് ഭക്ഷണത്തിൽ മുടി കണ്ടെന്ന് പരാതിപ്പെട്ട് പണം നൽകാൻ തയ്യാറായില്ല. ഇക്കാര്യം ഔദ്യോഗികമായി തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മറ്റ് ഹോട്ടലുകളിൽ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയായാണ് വീഡിയോ പങ്കുവെക്കുന്നതെന്നാണ് ഹോട്ടൽ അധികൃതരുടെ കുറിപ്പ്.കൃത്യം നടത്തിയ യുവാവിനൊപ്പം ഇരുന്ന് സ്ത്രീയും കുട്ടികളും ഭക്ഷണം കഴിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മറ്റുവിവരങ്ങളൊന്നും ഹോട്ടൽ അധികൃതർ പുറത്തുവിട്ടിട്ടില്ല