ജെയിംസിന്‍റെ അപകട മരണം അടുത്ത ദിവസം വിദേശത്തേക്ക് ജോലിക്ക് പോകാനിരിക്കെ; ജീവനെടുത്തത് പിഡബ്ല്യുഡി ജീവനക്കാരുടെ ഗുരുതര അനാസ്

ജെയിംസിന്‍റെ അപകട മരണം അടുത്ത ദിവസം വിദേശത്തേക്ക് ജോലിക്ക് പോകാനിരിക്കെ; ജീവനെടുത്തത് പിഡബ്ല്യുഡി ജീവനക്കാരുടെ ഗുരുതര അനാസ്
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ യുവാവിന്‍റെ ജീവനെടുത്ത് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ ഗുരുതര അനാസ്ഥ. മുതലക്കോടത്ത്, റോഡരികിൽ മാസങ്ങളായി മൂടാതെ കിടന്ന ഓടയിൽ വീണാണ് ജെയിംസ് ബെന്നി 27 കാരൻ മരിച്ചത്. അപകടാവസ്ഥയിലുള്ള കലുങ്ക് പുതുക്കിപ്പണിയണമെന്ന് കാലങ്ങളായി പരാതി നൽകിയിട്ടും പിഡബ്ല്യുഡി അധികൃതർ കണ്ട ഭാവം നടിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കലുങ്കിന്‍റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരമാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പുനൽകി. തൊടുപുഴയിൽ നിന്ന് ഉടുമ്പന്നൂരിലേക്കുള്ള പ്രധാന പാതയുടെ വശത്താണ് യുവാവിന്‍റെ മരണത്തിന് കാരണമായ കലുങ്കുള്ളത്.</p><p>ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ നേരത്തെയുണ്ടായിട്ടുള്ളത്. വളവിനോട് ചേർന്നുള്ള ഈ ഭാഗത്ത് അപകട കെണിയുണ്ടെന്ന മുന്നറിയിപ്പ് ബോർഡോ, തെളിച്ചം ഉള്ള വഴി വിളക്കോ ഇല്ല. കഴിഞ്ഞദിവസം രാത്രി ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് വളവിൽ നിയന്ത്രണം വിട്ട് ജെയിംസ് ബെന്നി കലുങ്കിലേക്ക് പതിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടമായി. നേരത്തെ അപകടങ്ങൾ ഉണ്ടായപ്പോൾ നിരവധിതവണ നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. പിന്നീട് നന്നാക്കാം എന്ന ചട്ടപ്പടി മറുപടി മാത്രമാണ് കിട്ടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കലുങ്ക് നന്നാക്കാൻ സമീപത്തെ വ്യാപാരികൾ തയ്യാറായെങ്കിലും പിഡബ്ല്യുഡി അധികൃതർ വഴങ്ങിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.</p><p>അടുത്ത ദിവസം വിദേശത്തേക്ക് ജോലിക്ക് പോകാൻ ഇരിക്കെയാണ് ജെയിംസിന്‍റെ അപകട മരണം. ജില്ലാ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊതുമരാമത്ത് വകുപ്പ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിയുടെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധങ്ങൾക്കിടടെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രസാദ് തൊടുപുഴയിലെത്തി. അപകടകാരണമായ കലുങ്കിന്‍റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും നേരത്തെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും എക്സിക്യൂട്ടീവ് എൻജിനീയര്‍ ഉറപ്പു നൽകി. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.