
അമ്പലപ്പുഴ: പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം! അമ്പലപ്പുഴ പുന്നപ്രയിൽ ഭക്ഷ്യോല്പന്ന നിർമ്മാണ സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയയ്ക്കാണ് ദുരനുഭവമുണ്ടായത് (LPG cylinder scam Kerala). വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിലാണ് വൻ തോതിൽ വെള്ളം കണ്ടെത്തിയത്.
പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് 1,880 രൂപ നൽകി പുതിയ സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ പെട്ടെന്ന് അടുപ്പ് ഓഫായി. സിലിണ്ടർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടത്. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ചവെള്ളം പുറത്തേക്ക് വരികയായിരുന്നു.
ആലപ്പുഴയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) ഏജൻസിയിൽ നിന്നാണ് സിലിണ്ടർ വാങ്ങിയത്. ആകെ 38.1 കിലോ തൂക്കമുണ്ടായിരുന്ന സിലിണ്ടറിൽ പകുതിയോളം ഉപയോഗിച്ച ശേഷം പരിശോധിച്ചപ്പോൾ ബാക്കി 10 കിലോയും വെള്ളമായിരുന്നു. പിന്നീട് തൂക്കി നോക്കിയപ്പോൾ സിലിണ്ടറിന്റെ ഭാരമടക്കം 29 കിലോയോളം വെള്ളം മാത്രമാണുള്ളതെന്ന് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് ഗ്യാസ് ഏജൻസിയിൽ പരാതിപ്പെട്ടെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് കബീർ പറയുന്നു. പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുകൾ സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും വൻ പ്രതിസന്ധിയിലാക്കുകയാണ്
