‘തല ഉയർത്തി നിൽക്കും, കണ്ണൂരിലെ ഓരോ നേതാവും എൻ്റെ കൈ പിടിച്ച് വളർന്നവർ’; നേതൃത്വത്തെ വെല്ലുവിളിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരൻ

‘തല ഉയർത്തി നിൽക്കും, കണ്ണൂരിലെ ഓരോ നേതാവും എൻ്റെ കൈ പിടിച്ച് വളർന്നവർ’; നേതൃത്വത്തെ വെല്ലുവിളിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരൻ



നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം നിലനിൽക്കെ നേതൃത്വത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മുതിർന്ന നേതാവ് കെ സുധാകരൻ. കണ്ണൂരിൽ തല ഉയർത്തി നിൽക്കുമെന്നും കണ്ണൂരിലെ ഓരോ നേതാവും തൻ്റെ കൈ പിടിച്ച് വളർന്നവരെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും അവിടുത്തെ കോൺഗ്രസ് പ്രസ്ഥാനമാണ് തന്റെ വിലാസമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട ഡൽഹിയിലെ ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മടങ്ങിയതിന് പിന്നാലെയാണ് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ALSO READ: ‘നേതൃത്വം വാമനപുരത്തെ കോൺഗ്രസിന്റെ ആരാച്ചാരാകരുത്’; പാലോട് രവിക്കെതിരെ സേവ് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്റർ

തന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്ത കണ്ണൂരിലെ ഓരോ വഴികളും തനിക്ക് സുപരിചിതമാണെന്നും, താൻ കടന്നുവന്ന കഠിനമായ കനൽവഴികൾ മറ്റുള്ളവർക്ക് മറക്കാമെങ്കിലും തനിക്ക് അവ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.

ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.

എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്