വിഷമിറക്കാൻ 13കാരനെ മുളവടികളിൽ കെട്ടി ഗംഗാ നദിയിൽ വച്ച് 12 മണിക്കൂർ, ചികിത്സ കിട്ടാതെ ദാരുണാന്ത്യം
അമ്രോഹ: പാമ്പു കടിയേറ്റ 13കാരനെ മന്ത്രവാദിയുടെ നിർദ്ദേശം അനുസരിച്ച് ഗംഗാ നദിയിൽ മുക്കി വച്ചത് 12 മണിക്കൂർ. ഉത്തർ പ്രദേശിലെ അമ്രോഹയിൽ 13കാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. പാമ്പുകടിയേറ്റതിന് പിന്നാലെ ആശുപത്രിയിൽ എത്തുന്നതിന് പകരം കൗമാരക്കാരന്റെ കുടുംബം തേടിയത് മന്ത്രവാദിയുടെ സഹായമായിരുന്നു. മന്ത്രവാദിയുടെ നിർദ്ദേശം കൃത്യമായി പാലിച്ച വീട്ടുകാർ 13 വയസുകാരനെ 12 മണിക്കൂറോളമാണ് മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കി നിർത്തിയത്. ഗംഗാ നദി 13കാരനെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി വീട്ടുകാരോട് വിശദമാക്കിയത്. 12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതെ വന്നതോടെയാണ് വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാനും ശ്രമിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയെ മുളവടി കൊണ്ടുള്ള പാലം പോലെയുള്ള നിർമ്മിതിയിൽ കെട്ടി കയറിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.A 14-year-old boy was bit by a snake in Amroha, UP. The parents, instead of rushing him to hospital, took him to a tantrik who suggested lowering the boy in the Ganga river for 12 hours. The boy eventually died. pic.twitter.com/pCBrxq9qpl Piyush Rai (@Benarasiyaa) April 11, 2026ആദംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അന്ധവിശ്വാസത്തെ തുടർന്ന് കുടുംബം നടത്തിയ ഈ ക്രൂരതയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് കുട്ടി മരണത്തോട് മല്ലിടുന്ന സമയത്ത് വിഷം ഇറങ്ങുന്നത് നോക്കി നിന്നത്.