'കൺമുന്നിൽ വീണത് 20ഓളം ബോംബുകൾ, ജീവൻ കയ്യിൽ പിടിച്ചാണ് വന്നത്'; കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ


'കൺമുന്നിൽ വീണത് 20ഓളം ബോംബുകൾ, ജീവൻ കയ്യിൽ പിടിച്ചാണ് വന്നത്'; കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ


ഇറാനിലെ സംഘർഷങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ. പ്രതിസന്ധി ഘട്ടത്തിൽ വലിയ സഹായമാണ് അധികൃതരിൽ നിന്ന് ലഭിച്ചതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഇറാനിലെ കിരു മേഖലയിൽ മത്സ്യബന്ധന ജോലി ചെയ്തിരുന്ന ഗുജറാത്തിലെ വൽസാദ് സ്വദേശി രാജേഷ് പട്ടേൽ, മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് അവിടം വിടാൻ നിർബന്ധിതരായതെന്ന് പറഞ്ഞു.‘അവിടെ സ്ഥിതിഗതികൾ ആകെ കുഴപ്പത്തിലായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് അവിടം വിടേണ്ടി വന്നത്. ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞങ്ങളെ ഒരുപാട് സഹായിച്ചു’. പട്ടേൽ പറഞ്ഞു. "സ്വന്തം നിലയ്ക്ക് അവിടം വിടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ത്യൻ എംബസി എല്ലാ സംസ്ഥാനങ്ങളിലും സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഞങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇറാനിൽ നിന്ന് അർമേനിയ വഴിയാണ് ഇന്ത്യൻ സർക്കാർ ഞങ്ങളെ നാട്ടിലെത്തിച്ചത്'. അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ നിന്നുള്ള മറ്റൊരു മത്സ്യത്തൊഴിലാളി, മടങ്ങിവരുന്നതിന് മുൻപ് തങ്ങൾ അനുഭവിച്ച ഭീകരാവസ്ഥയെക്കുറിച്ച് വിവരിച്ചു. ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു ദിവസം ഏകദേശം 10 മുതൽ 20 വരെ ബോംബുകളാണ് ഞങ്ങളുടെ കൺമുന്നിൽ വീണിരുന്നത്. ജീവൻ കയ്യിൽ പിടിച്ചാണ് ഞങ്ങൾ ഇവിടെ സുരക്ഷിതമായി എത്തിയത്. ഞങ്ങളുടെ സർക്കാരിന് ഒരുപാട് നന്ദി’. അദ്ദേഹം പറഞ്ഞു.</p><p>പ്രതിസന്ധി ഘട്ടത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ സഹായിക്കുകയും ചെയ്ത ഇന്ത്യൻ അധികൃതർക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ ഇവരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സ്വീകരിച്ചു. വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിച്ച പിയൂഷ് ഗോയൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് രക്ഷാദൗത്യം നടത്തിയതെന്ന് പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും സംയുക്തമായി പ്രവർത്തിച്ചാണ് ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ അർമേനിയയിലേക്ക് മാറ്റിയതെന്നും അവിടെ നിന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.‘പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി. ഇറാനിൽ നിന്ന് അർമേനിയയിലേക്ക് അവരെ മാറ്റാൻ അവർ കഠിനമായി പ്രയത്നിച്ചു. അവിടെ നിന്ന് അവരെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് സഹായം ലഭിച്ചു, കാരണം അവർ വളരെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. ആദ്യ സംഘത്തിൽ 345 പേർ വന്നു. ഇന്ന് 300-ൽ അധികം പേർ എത്തി. ഏതൊരു പ്രതിസന്ധിയിലും കുടുങ്ങുന്ന എല്ലാ ജനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കാറുണ്ട്. ഇറാനിലെ യുദ്ധത്തിനിടയിൽ നിർഭാഗ്യവശാൽ കുടുങ്ങിപ്പോയ നമ്മുടെ മത്സ്യത്തൊഴിലാളികളോട് അദ്ദേഹത്തിന് എത്രമാത്രം കരുതൽ ഉണ്ടെന്ന് ഇത് വീണ്ടും തെളിയിക്കുന്നു’. കേന്ദ്രമന്ത്രി പറഞ്ഞു.ഇറാനിലെയും അർമേനിയയിലെയും ഇന്ത്യൻ എംബസികളുടെ സഹായത്തോടെ ഇതുവരെ 600-ലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാനിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവന്നതായി പീയുഷ് ഗോയൽ അറിയിച്ചു. തമിഴ്നാട്, ഗുജറാത്ത്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും. കഴിഞ്ഞ വെള്ളിയാഴ്ച പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് നടന്ന മന്ത്രാലയതല യോഗത്തിൽ, ടെഹ്റാനിലെ ഇന്ത്യൻ എംബസി 2,180 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും മാറ്റാൻ സൗകര്യമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരിൽ 981 ഇന്ത്യൻ വിദ്യാർത്ഥികളും 657 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.