
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജന്‍ (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കുബംബ പ്രശ്‌നത്തെ തുടര്‍ന്ന് രാജന്റെ ബന്ധുവും അയല്‍വാസിയുമായ അനൂപാണ് കൊലനടത്തിയത്. പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.
ഇരു വീടുകളും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് പ്രതിയായ അനൂപ്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പോലീസ് പിടികൂടിയത്. നിലവില്‍ രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
