ഫുട്ബോൾ മൈതാനത്തേക്ക് ഇരച്ചുകയറി തുരുതുരാ വെടിയുതിർത്തു, ഐഎസ് ഭീകരർ കൊലപ്പെടുത്തിയത് 29 പേരെ, നൈജീരിയയിൽ ഭീകരാക്രണം
അബുജ:വടക്കുകിഴക്കൻ നൈജീരിയയിലെ ഗ്രാമത്തിൽ ഭീകര സംഘടനയായ ഐഎസിന്റെ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് അനുസരിച്ച്, അഡമാവ സംസ്ഥാനത്തെ ഗോംബി പ്രദേശത്തെ ഗയാകു ഗ്രാമത്തിലാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്. അഡമാവ സംസ്ഥാന ഗവർണർ അഹ്മദു ഉമറു ഫിന്റിരി തിങ്കളാഴ്ച ഗ്രാമം സന്ദർശിച്ചു. ആളുകൾ ഒത്തുകൂടിയ ഫുട്ബോൾ മൈതാനത്ത് തീവ്രവാദികൾ അതിക്രമിച്ചു കയറി വെടിയുതിർത്തതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശം വിട്ടുപോകുന്നതിന് മുമ്പ് അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. ഏപ്രിൽ 21 ന് ബോർണോ സംസ്ഥാനത്തെ സാംബിസ വനത്തിന്റെ പ്രാന്തപ്രദേശത്തുള്ള പുബാഗു ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ 11 പേരെ കൊലപ്പെടുത്തി ഒരാഴ്ച കഴിഞ്ഞാണ് ഈ ആക്രമണം ഉണ്ടായത്.ഏറ്റവും സജീവമായ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിൽ ബൊക്കോ ഹറാമും അതിന്റെ വേർപിരിഞ്ഞ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയും (ISWAP) രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടത്തുന്നു. ഐ.എസ് ബന്ധമുള്ള ലകുരാവ, മോചനദ്രവ്യം നേടുന്നതിനും അനധികൃത ഖനനത്തിനുമായി കൊള്ളയും തട്ടിക്കൊണ്ടുപോകലും തുടരുന്നുഭീകരവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ രാജ്യ തലസ്ഥാനമായ അബുജയിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഏകോപിത ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജയിൽ, ഒരു സൈനിക തടങ്കൽ കേന്ദ്രം, നാംഡി അസിക്കിവെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഭീകരരുടെ ലക്ഷ്യം. നൈജീരിയൻ സർക്കാർ രാജ്യത്തെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു